+

കണ്ണൂർ പോലീസ് ആസ്ഥാനത്തിനരികെ മറുനാടൻ തൊഴിലാളിക്ക് കുത്തേറ്റു

കണ്ണൂർ നഗരമധ്യത്തിൽ പശ്ചിമബംഗാൾ സ്വദേശിക്ക് കുത്തേറ്റു. 36 കാരനായ രഞ്ജിത്ത് മംഗാറിനാണ് കണ്ണൂർ പോലീസ് ആസ്ഥാനത്തിനരികിൽ വച്ച് കുത്തേറ്റത്.

കണ്ണൂർ : കണ്ണൂർ നഗരമധ്യത്തിൽ പശ്ചിമബംഗാൾ സ്വദേശിക്ക് കുത്തേറ്റു. 36 കാരനായ രഞ്ജിത്ത് മംഗാറിനാണ് കണ്ണൂർ പോലീസ് ആസ്ഥാനത്തിനരികിൽ വച്ച് കുത്തേറ്റത്. വയറിന്റെ വലതുഭാഗത്ത് ആഴത്തിലുള്ള മുറിവേറ്റ യുവാവിനെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച രാത്രി 11.30-ഓടെയാണ് സംഭവം. സ്റ്റേഡിയത്തിന് സമീപത്തെ സ്വാതന്ത്ര്യസമര സ്തൂപത്തിന് സമീപത്തുനിന്ന് യുവാവ് നടന്നുവരുന്നത് കണ്ടതായി ദൃക്സാക്ഷികൾ പറഞ്ഞു. തുടർന്ന് റെയിൽവേ സ്റ്റേഷൻ കിഴക്കെ കവാടത്തിന് സമീപം പോലീസ് സൊസൈറ്റി ഹാളിനടുത്തുള്ള റോഡിൽ കുഴഞ്ഞുവീഴുകയായിരുന്നു. സമീപത്തുണ്ടായിരുന്നയാൾ വിവരമറിയിച്ചതിനെത്തുടർന്ന് കണ്ണൂരിൽനിന്ന് അഗ്‌നിരക്ഷാസേനയും ടൗൺ എസ്ഐ വി.വി.ദീപ്തിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സ്ഥലത്തെത്തി. അഗ്‌നിരക്ഷാസേനയുടെ വാഹനത്തിൽ പോലീസ് ഇയാളെ ജില്ലാ ആസ്പത്രിയിലെത്തിച്ചു.

പരിക്ക് ഗുരുതരമായതിനാൽ പിന്നീട് മെഡിക്കൽ കോളേജ് ആസ്പത്രിയിലേക്ക് മാറ്റി. പ്രതികളെക്കുറിച്ച് സൂചനയൊന്നും ലഭിച്ചിട്ടില്ലെന്ന് ടൗൺ പോലീസ് ഇൻസ്‌പെക്ടർ ശ്രീജിത്ത്‌ െകാടേരി പറഞ്ഞു. അപകടനില തരണം ചെയ്തതായി ആസ്പത്രി അധികൃതർ അറിയിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു. വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.

facebook twitter