+

നിരവധിവാഹന മോഷണക്കേസിലെ പ്രതി കണ്ണൂരിൽ അറസ്റ്റിൽ

തലശ്ശേരി വടക്കുമ്പാട് ലക്ഷം വീട് കോളനിയിലെ അച്ഛന്റവിട പി ഷംസീറിനെയാണ് (34) ഇൻസ്പക്ടർ ശ്രീജിത് കൊടേരിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്

കണ്ണൂർ: നിരവധി വാഹന മോഷണക്കേസുകളിൽ പ്രതിയായ യുവാവിനെ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു. തലശ്ശേരി വടക്കുമ്പാട് ലക്ഷം വീട് കോളനിയിലെ അച്ഛന്റവിട പി ഷംസീറിനെയാണ് (34) ഇൻസ്പക്ടർ ശ്രീജിത് കൊടേരിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 12ന് വൈകുന്നേരം താവക്കര പുതിയ ബസ്സ് സ്റ്റാന്റിൽ വെച്ച് അഴീക്കോട് സ്വദേശി ടി നിജിലിന്റെ കെഎൽ13/ എവി 90 63നമ്പർ ബൈക്ക്മോഷണം നടത്തിയ കേസിലാണ് അറസ്റ്റ്. 

മോഷണം നടത്തിയ വാഹനം രണ്ടു ദിവസം തലശ്ശേരിയിൽ ഒളിപ്പിക്കുകയും തുടർന്ന് അതുമായി പെരിന്തൽമണ്ണയിലേക്ക് പോവുകയുമായിരുന്നു. യാത്രക്കിടെ ഷൊർണ്ണൂരിലെ ബാറിൽ മദ്യപിക്കാൻ കയറിയ പ്രതി മുമ്പ് പരിചയമുള്ള മറ്റൊരാൾക്ക് ബൈക്ക് കൈമാറുകയായിരുന്നെന്നാണ് പോലീസിനോട്  പറയുന്നത്. തിരിച്ച് കണ്ണൂരിലേക്ക് മടങ്ങവെയാണ പോലീസ് സംഘത്തിന്റെ പിടിയിലായത്. 

കണ്ണൂർ ടൗൺ, പഴയങ്ങാടി,ധർമ്മടം,തലശ്ശേരി പോലീസ്‌ സ്റ്റേഷനുകളിൽ കളവ് കേസിൽ നേരത്തെ പിടിയിലായി കോടതിയിൽ നിന്നും ജാമ്യത്തിലിറക്കിയതായിരുന്നു ഇയാളെന്ന് പോലീസ് പറഞ്ഞു.  സി സി ടിവികൾകേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന്നിടെയാണ് പ്രതി പിടിയിലായത്. സി ഐ ക്ക് പുറമെ എസ് ഐ സുബൈർ എ എസ് ഐ ഷംജിത് , ഉദ്യോഗസ്ഥരായ നാസർ തുടങ്ങിയവരുമുണ്ടായിരുന്നു.

facebook twitter