തലശേരി : 110 ഗ്രാം എം.ഡി.എം.എയുമായി മാഹിപള്ളൂർ സ്വദേശി ഉൾപ്പെടെ എട്ടംഗ മലയാളി സംഘം ബാംഗ്ലൂരിൽ പിടിയിൽ.ബാംഗ്ലൂരിലെ ഒരു ലോഡ്ജിൽ പരിശോധന നടത്തിയപ്പോഴാണ് സംഘം പൊലീസ് വലയിലായത്. ബാംഗ്ലൂരിൽ നിന്നും വാങ്ങിക്കുന്ന രാസലഹരിമരുന്ന് ബാംഗ്ലൂരിലെയും കേരളത്തിലെ കണ്ണൂർ, കോഴിക്കോട്, മാഹി പ്രദേശങ്ങളിലെയും കോളജ് വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യാനായി സൂക്ഷിച്ചതായിരുന്നു.
ഇവരിൽ നിന്ന് രണ്ട് കാറുകൾ, 8 മൊബൈൽ ഫോണുകൾ എന്നിവ ഉൾപ്പെടെ 27 ലക്ഷത്തിൻ്റെ വസ്തുക്കൾ പിടിച്ചെടുത്തിട്ടുണ്ട്. എട്ടു പേരിൽ ഒരാൾ പള്ളൂർ സ്വദേശിയായ മുഹമ്മദ് ഷാക്കീർ ആണ്. മറ്റുള്ളവർ നാദാപുരം ഭാഗത്തുള്ളവരാണ്. ദക്ഷിണേന്ത്യയിലെ വൻ ലഹരിമരുന്ന് ശൃംഖലയിലെ കണ്ണികളാണ് ഇവർ. തുടരന്വേഷണത്തിനു തടസ്സമാകാതിരിക്കാൻ പ്രതികളുടെ കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. പള്ളൂർ സ്വദേശിയായ യുവാവ് പള്ളൂർ പോലീസ് സ്റ്റേഷന് സമീപം ഹാർഡ് വേർ കട നടത്തുന്നയാളാണ്. ഇയാൾ മുമ്പ് ഒരു എസ്.ഐയേയും ഒരു പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥനേയും കൈയ്യേറ്റം ചെയ്ത രണ്ട് വ്യത്യസ്ത കേസുകളിൽ പ്രതിയായിരുന്നു.