കണ്ണൂര്‍: കേരളത്തിലെ മുഴുവന്‍ മാധ്യമപ്രവര്‍ത്തകരുടെയും പങ്കാളിത്തത്തോടെ കണ്ണൂര്‍ പ്രസ് ക്ലബ് സംഘടിപ്പിച്ചു വരാറുള്ള തുളസി ഭാസ്ക്കരന്‍ മെമ്മോറിയല്‍ എവര്റോളിങ്ങ് ട്രോഫിക്ക് വേണ്ടിയുള്ള ആറാമത് സംസ്ഥാന ജേര്‍ണലിസ്റ്റ് വോളിക്ക് കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ തുടക്കമായി. ലഹരി വിരുദ്ധ ബോധവത്കരണത്തിൻ്റെ ഭാഗമായി ഇത്തവണ സംഘടിപ്പിക്കുന്ന ജേര്‍ണലിസ്റ്റ് വോളിയുടെ ഉദ്ഘാടനം കായിക മന്ത്രി വി അബ്ദുറഹ്മാന് നിര്‍വഹിച്ചു.
പ്രസ് ക്ലബ് പ്രസിഡൻ്റ് സി സുനിൽ കുമാർ അധ്യക്ഷനായി. സെക്രട്ടറി കബീർ കണ്ണാടിപ്പറമ്പ് സ്വാഗതം പറഞ്ഞു. എസ് ബി ഐ ചീഫ് മാനേജർ ധീരജ്, ചേമ്പർ ഓഫ് കോമേഴ്സ് സെക്രട്ടറി അനിൽ കുമാർ, ഡോ. ദിൽഷാദ് ( കിംസ് ശ്രീചന്ദ് ഹോസ്പിറ്റൽ), കെയു ഡബ്യു ജെ സ്പോർട്സ് കൺവീനർ ജോയ് നായർ, കെ യു ഡബ്ല്യു ജെ സംസ്ഥാന വൈസ് പ്രസിഡന്റ് കെ വിജേഷ്, കെ യു ഡബ്ല്യു ജെ മലപ്പുറം ജില്ലാ പ്രസിഡൻ്റ് വി പി നിസാർ, കെ യു ഡബ്ല്യു ജെ സംസ്ഥാന കമ്മിറ്റിയംഗം അജയ കുമാർ എന്നിവർ സംസാരിച്ചു.
യുവജന സംഘടനാ നേതാക്കളായ സരിൻ ശശി, മുഹമ്മദ് അഫ്സൽ, കെ വി രജീഷ്, കെ വി സാഗർ, വിജിൽ മോഹൻ, അമൽ കുറ്റ്യാട്ടൂർ, രാഹുൽ മേക്കിലേരി , സി കെ മുഹമ്മദലി, അരുൺ ഭരത്, അർജുൻ ദാസ് എന്നിവർ പങ്കെടുത്തു. സംഘാടക സമിതി കൺവീനർ ഷമീർ ഊർപ്പള്ളി നന്ദി പറഞ്ഞു. പ്രതികൂല കാലവസ്ഥ കാരണം മത്സരങ്ങൾ ശനിയാഴ്ചത്തേക്ക് മാറ്റിവെച്ചു.
ഇന്ന് വൈകിട്ട് 5 മണി മുതൽ കണ്ണൂർ മുനിസിപ്പൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ മത്സരങ്ങൾ നടക്കും. കണ്ണൂർ പ്രസ് ക്ലബും മലപ്പുറം പ്രസ് ക്ലബും തമ്മിൽ ആദ്യ മത്സരം നടക്കും. ഒഫീഷ്യൽ ടൂർണമെൻ്റ് ഫൈനലിൽ ഫോറസ്റ്റും സെൻട്രൽ ജയിൽ ടീമും മത്സരിക്കും. തുടർന്ന് കോഴിക്കോട് പ്രസ് ക്ലബ് ടീമും മലപ്പുറം പ്രസ് ക്ലബ് ടീമും മത്സരിക്കും. യുവജന സംഘടനാ നേതാക്കള്‍ പങ്കെടുക്കുന്ന വേളിബോള്‍ മല്‍സരവും നടക്കും.
സിനിമാ താരവും മുന്‍ മിസ്റ്റര്‍ ഇന്ത്യയുമായ അബുസലീം, ഷിയാസ് കരീം, രാജീവ് പിള്ള,മിസ്റ്റര്‍ വേള്‍ഡ് ഷിനു ചൊവ്വ, മുന്‍ മുൻ ഇന്ത്യന്‍ ഫുട്ബോൾ താരം സി കെ വിനീത് ഉള്‍പ്പെടുന്ന സെലിബ്രിറ്റി ടീം, സിറ്റി പൊലീസ് കമ്മിഷണര്‍ പി നിധിന് രാജ് ഐ പി എസ് നയിക്കുന്ന പൊലീസ് ഓഫീസേഴ്സ് ടീമും തമ്മിലുള്ള മത്സരത്തോടെ ടൂർണമെൻ്റ് സമാപിക്കും.