ചെറുപുഴ : ചെറുപുഴയിൽ വീട്ടമ്മയെ കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജതമാക്കി. ചെറുപുഴ പടത്തടത്തെ പാമ്പയ്ക്കൽ റോസിലിയാണ് കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണത്തെ തുടർന്ന് ചെറുപുഴ പൊലീസിന്റെ നേതൃത്യത്തിലാണ് അന്വേഷണം നടത്തിവരുന്നത്.
കണ്ണൂരിൽ നിന്നും ഉള്ള ഫോറൻസിക്, വിരലടയാള വിദഗ്ധർ അടക്കം വീടും പരിസരപ്രദേശവും പരിശോധന നടത്തി. മരണകാരണം കണ്ടെത്താൻ വേണ്ടിയാണ് പരിശോധന നടത്തിയത്. ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. റോസിലിയെ ഫോണിൽ വിളിച്ചു കിട്ടാത്തതിനെ തുടർന്ന് മകൻ അന്വേഷിച്ചു വന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് ഒരാഴ്ചലധികം പഴക്കമുണ്ട്. പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയതിന് ശേഷം അന്വേഷണം ഊർജ്ജിതമാക്കുമെന്ന് പൊലിസ് അറിയിച്ചു.