തളിപ്പറമ്പ് കഥകളി കേന്ദ്രം പത്താം വാർഷികം കേളീരവത്തിന് ഇന്ന് തുടക്കം

10:42 AM May 13, 2025 | Neha Nair

കണ്ണൂർ : തളിപ്പറമ്പ് കഥകളി കേന്ദ്രം പത്താം വാർഷികം കേളീരവം 13 മുതൽ 17 വരെ കപാലികുളങ്ങര ക്ഷേത്രം ഹാളിൽനടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

വാർഷികത്തിന്റെ ഭാഗമായി  അഞ്ചു ദിവസം  തുടർച്ചയായി കഥകളി അവതരിപ്പിക്കും.  ചൊവ്വ  വൈകിട്ട്‌ 6മുതൽ കല്യാണ സൗഗന്ധികം, ലവണാസുരവധം തുടങ്ങിയ കഥകളി അവതരിപ്പിക്കും. ബുധൻ വൈകിട്ട്‌ 6മുതൽ ദുര്യോധന വധം, സന്താനഗോപാലം, സീതാസ്വയംവരം  കഥകളി അവതരിപ്പിക്കും. വ്യാഴം  വൈകിട്ട്‌ 6മണി മുതൽ നളചരിതം ഒന്നാംദിവസം, ദക്ഷയാഗം   കഥകളി അവതരിപ്പിക്കും.

വെള്ളി വൈകിട്ട്‌ ആറുമുതൽ നളചരിതം രണ്ടാംദിവസം കഥകളി  അരങ്ങേറും. ശനിയാഴ്‌ച  വൈകിട്ട്‌ 6മണി മുതൽ  നളചരിതം നാലാംദിവസം, പ്രഹ്‌ളാദ ചരിതം കഥകളി അരങ്ങേറും. ഇതോടൊപ്പം വിവിധ ഇനങ്ങളായ വേഷം, പാട്ട്, ചെണ്ട, ചുട്ടി എന്നിവയിൽ പരിശീലനം പൂർത്തിയാക്കിയ 15 പഠിതാക്കളുടെ അരങ്ങേറ്റവും നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ മേപ്പള്ളി നാരായണൻ നമ്പൂതിരി, കോട്ടക്കൽ രമേശൻ, സി വി കൃഷ്ണകുമാർ തുടങ്ങിയവർ പങ്കെടുത്തു.