കണ്ണൂർ: കണ്ണൂർ ജില്ലയിൽ വീണ്ടും സംഘർഷം സൃഷ്ടിച്ച് ജില്ലയെ അരാജകത്വത്തിലേക്ക് തള്ളിവിടാൻ കോൺഗ്രസ്സും മാർക്സിസ്റ്റ് പാർട്ടിയും ശ്രമിക്കുകയാണെന്ന് ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡണ്ട് കെ കെ വിനോദ് കുമാർ പ്രസ്താവനയിൽ പറഞ്ഞു.ഇന്നത്തെ കോൺഗ്രസ് നേതൃത്വം ഗാന്ധിജിയുടെ പേരിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ശ്രമിക്കുന്നവരാണ്. ഭാരതം സ്വാതന്ത്ര്യം നേടിയപ്പോൾ കോൺഗ്രസ്സിനെ പിരിച്ചുവിടണമെന്ന് ഗാന്ധിജി ആവശ്യപ്പെട്ടിരുന്നു.
എന്നാൽ നെഹ്റുവും കോൺഗ്രസ്സ് നേതാക്കളും ഗാന്ധിജിയുടെ വാക്കിന് വിലകൽപ്പിച്ചില്ല. ഗാന്ധിജിയെ കോൺഗ്രസ്സിന്റെ രാഷ്ട്രീയ ഉപകരണമാക്കാൻ ശ്രമിക്കുകയാണ്. ഗാന്ധിജിയുടെ പേരിൽ മുതലക്കണ്ണീരൊഴുക്കി രാഷ്ട്രീയ കപടത കാട്ടുകയാണ് കോൺഗ്രസ്സ് . കണ്ണൂർ ജില്ലയിൽ ഗാന്ധിജിയുടെയും ശ്രീനാരായണഗുരുദേവന്റെയും പ്രതിമ തകർത്തവരാണ് മാർക്സിസ്റ്റുകാർ. മലപ്പട്ടത്ത് സിപിഎം നേതാവും കണ്ണൂർ നഗരത്തിൽ എസ്എഫ്ഐ നേതാവും കൊലവിളി പ്രസംഗം നടത്തിയിരിക്കുന്നു. പോലീസ് നോക്കുകുത്തിയായി നിൽക്കാതെ നടപടി സ്വീകരിക്കണം.
ജില്ലയുടെ സമാധാനന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്ന കോൺഗ്രസ്സ് - മാർക്സിസ്റ്റ് നേതാക്കൾക്കെതിരെ എന്ത് നടപടി സ്വീകരിച്ചുവെന്ന് പോലീസ് വ്യക്തമാക്കണമെന്നും കെ കെ വിനോദ് കുമാർ ആവശ്യപ്പെട്ടു.