കല്യാശ്ശേരി: മനസിൽ അക്ഷരങ്ങൾ കൊണ്ട് മഴവില്ലു തീർത്ത ആ ലോകം, അറിവിന്റെ വെളിച്ചം നൽകിയ ആ വിദ്യാലയ മുറ്റത്ത് അവർ ഒന്നുചേർന്നു . അരനൂറ്റാണ്ടിനിടയിൽ പഠനം പൂർത്തിയാക്കിയ നൂറു കണക്കിനാളുകൾ ഞായറാഴ്ച കല്യാശ്ശേരിയിൽ സംഗമിച്ചത്. കല്യാശ്ശേരി ഗവ. ഹയർ സെക്കൻഡറിയിൽ നിന്നും 1960 മുതൽ 2010 വരെ സ്‍കൂളിൽ പഠിച്ചവരും പഠിപ്പിച്ചവരുമാണ് സംഗമത്തിൽ പങ്കെടുത്തത് .700ൽ പരം വിദ്യാർത്ഥികളും 90 പൂർവ അധ്യാപകരും ഒരു ദിവസം നീണ്ടു നിന്ന പരിപാടിയിൽ സാക്ഷികളായി.
90 പിന്നിട്ട പൂർവ അധ്യാപകരും 80 വയസ് പിന്നിട്ട പൂർവ വിദ്യാർത്ഥികളും സംഗമത്തിൻ്റെ സമ്പത്തായി മാറി. 90 വയസ് പിന്നിട്ട ടി.ഒ.വി. ശങ്കരൻ നമ്പ്യാർ ഉൾപ്പെട്ടെ വിദ്യാഭ്യാസ മേഖലയിലെ ഉന്നതങ്ങളിൽ സേവനം നടത്തിയ പഴയ കാല അധ്യാപകർ പരിപാടിയുടെ ഭാഗമായി ആദരവ് ഏറ്റു വാങ്ങി. 90 പഴയ കാല അധ്യാപകർ ചടങ്ങിനെത്തി ആദരവ് ഏറ്റുവാങ്ങി. ഇതോടൊപ്പം സ്ക്കൂളിൻ്റെ ആദ്യത്ത 1960 ലെ എസ്. എസ് എൽ സി. ബാച്ചിലെ നാലു പേർ പരിപാടിക്കെത്തി ആദരവ് ഏറ്റുവാങ്ങി. കല്യാശ്ശേരി ഗവ. ഹയർ സെക്കൻഡറിയുടെ ഒരു വർഷം നീണ്ടു നിൽക്കുന്ന ശതാബ്ദി ആഘോഷത്തിൻ്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
പരിപാടി സ്ക്കൂളിലെ പൂർവ വിദ്യാർത്ഥി കൂടിയായ എം.വി. ഗോവിന്ദൻ എം എൽ എ ഉദ്ഘാടനം ചെയ്തു. പൂർവ വിദ്യാർത്ഥിയായ സിനിമാ നടൻ സന്തോഷ് കീഴാറ്റൂർ മുഖ്യാതിഥിയായി പങ്കെടുത്തു. സ്വാഗത സംഘം ചെയർമാൻ വി.സി. പ്രേമരാജൻ അധ്യക്ഷത വഹിച്ചു. കല്യാശ്ശേരി പഞ്ചായത്ത് പ്രസിഡൻ്റ് ടി.ടി. ബാല കൃഷ്ണൻ, കൂനത്തറ മോഹനൻ, പി. സ്വപ്ന കുമാരി, കെ.കെ. ചിത്രലേഖ, കെ. മഞ്ജുള എന്നിവർ സംസാരിച്ചു. തുടർന്ന് പൂർവ വിദ്യാർത്ഥികളുടെ വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറി.