പഴയങ്ങാടി : കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച കല്ല്യാശ്ശേരി പഞ്ചായത്ത് കോൺഫറൻസ് ഹാൾ എം വിജിൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ഐതിഹാസിക പോരാട്ടത്തിന് നേതൃത്വം നൽകിയ എം.പി നാരായണൻ നമ്പ്യാർ, കെ പി ആർ, നായനാർ തുടങ്ങിയ ജനകീയ നേതാക്കന്മാരെ സംഭാവന ചെയ്ത, ചരിത്രം ഉണർന്നിരിക്കുന്ന മണ്ണാണ് കല്യാശ്ശേരിയുടേതെന്ന് എംഎൽഎ പറഞ്ഞു.
പഞ്ചായത്തിലെ എം പി നാരായണൻ നമ്പ്യാർ മെമ്മോറിയൽ ഹാളിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ കെ കെ രത്‌നകുമാരി നിർവ്വഹിച്ചു. 2024-25 സാമ്പത്തിക വർഷത്തിൽ സ്പിൽ ഓവർ പ്രവൃത്തിയായി ഡി.പി.സി അംഗീകാരം ലഭിച്ച പദ്ധതി 77,42,911 രൂപക്കാണ് പൂർത്തീകരിച്ചത്.
കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ടി ബാലകൃഷ്ണൻ അധ്യക്ഷനായി. സർവീസിൽ നിന്ന് വിരമിക്കുന്ന കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി.വി ഷൈലജ, കോൺഫറൻസ് ഹാൾ നിർമാണ ചുമതല വഹിച്ച സിൽക്ക് ഇൻഡസ്ട്രി കേരള ലിമിറ്റഡ്, കൊച്ചിയിൽ നടന്ന ദേശീയ ഡൗൺ സിൻഡ്രോം ഗെയിംസിൽ 14-18 വയസ്സ് ബാറ്റ് മിന്റണിൽ ഫസ്റ്റ് റണ്ണറപ്പായ പ്രണോയ് പയ്യനാട്ട് എന്നിവരെ എം എൽ എ ആദരിച്ചു.
കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി.വി ഷൈലജ പദ്ധതി റിപ്പോർട്ട് അവതരിപ്പിച്ചു. കല്ല്യാശ്ശേരി ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് പി.പി ഷാജിർ, ബ്ലോക്ക് പഞ്ചായത്തംഗം കെ പ്രീത, കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി നിഷ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇ മോഹനൻ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി.വി ഭാനുമതി, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി.വി രവീന്ദ്രൻ, വാർഡ് മെമ്പർ പി സ്വപ്നകുമാരി, ഗ്രാമപഞ്ചായത്ത് വികസന സമിതി സെക്രട്ടറി കെ ലക്ഷ്മണൻ, അസൂത്രണ സമിതി വൈസ് ചെയർമാൻ സി പ്രദീപൻ മാസ്റ്റർ, കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എം.ടി മൃദുല, പി ഗോവിന്ദൻ, പി നാരായണൻ, കൂനത്തറ മോഹനൻ തുടങ്ങിയവർ പങ്കെടുത്തു.