സി.എൻ കരുണാകരന്റെ ചിത്രപ്രദർശനം കണ്ണൂരിൽ 14 ന് തുടങ്ങും

12:10 PM Jun 13, 2025 | Neha Nair

കണ്ണൂർ : വിഖ്യാത ചിത്രകാരൻ സി.എൻ കരുണാകരന്റെ ചിത്രങ്ങളുടെ പ്രദർശനമായ സ്ത്രൈണതയുടെ ദിവ്യസൗന്ദര്യം ജൂൺ 14 ന്  വൈകീട്ട് 4.30ന്  കണ്ണൂർ മഹാത്മാ മന്ദിരത്തിൽ പ്രവർത്തിക്കുന്ന ഗാലറി ഏകാമിയിൽ ആരംഭിക്കും. കരുണാകരന്റെ പത്നി ഈശ്വരീ കരുണാകരനും സമകാലിക കലാരംഗത്തെ പ്രമുഖരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുമെന്ന് ഗാലറി അധികൃതർ പറഞ്ഞു.

ഓർമ്മകളും പുരാവൃത്തങ്ങളും കാലാതീതമെന്ന് തോന്നാവുന്ന തരത്തിലുള്ള ഒരു ആലങ്കാരിക ഭാഷയിലേക്ക് സമന്വയിപ്പിച്ചവയാണ് സി.എൻ കരുണാകരന്റെ ചിത്രങ്ങൾ. പെയിന്റിംഗായാലും രേഖാചിത്രമായാലും തീർത്തും വ്യതിരിക്തമായ ഒരു ശൈലി രൂപപ്പെടുത്തിയ കലാകാരനാണ് അദ്ദേഹം. മറ്റെവിടെയും കാണാനാവാത്ത ഒരു സ്ത്രൈണ ചാരുതയുണ്ട് കരുണാകരന്റെ ചിത്രങ്ങള്ക്ക്. പ്രകൃതിയും സ്ത്രീകളും ഇഴചേർന്നുകിടക്കുന്ന ഈ ചിത്രങ്ങൾ തീർത്തും ശൈലീകൃതവും ഇന്ത്യൻക്ലാസിക്കൽ പാരമ്പര്യങ്ങളിൽ വേരൂന്നിയതും, എന്നാൽഅതേസമയം വൈയക്തികവുമായ രീതിയിൽ ആവിഷ്കരിച്ചവയാണ്. കേരളത്തിന്റെ മ്യൂറൽ പൈതൃകത്തെ ഓര്മ്മിപ്പിക്കുന്ന ശൈലി തന്നെയാണ് അദ്ദേഹത്തിന്റെ കയ്യൊപ്പും.

മലയാളത്തിലെ പ്രമുഖ സാഹിത്യകൃതികൾക്ക് അദ്ദേഹം ചെയ്ത ചിത്രീകരണങ്ങൾ പുതുതലമുറ വായനക്കാർക്കായി നമ്മുടെ സാംസ്കാരിക ഭൂമികയേയും ഇതിഹാസകഥാപാത്രങ്ങളേയും പുതിയൊരു കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കുകയും, അതോടൊപ്പം അദ്ദേഹത്തിന്റെ പുസ്തക കവർ ഡിസൈനുകൾ ദൃശ്യാവിഷ്കാരത്തില് പുതിയൊരു സംസ്കാരം സൃഷ്ടിക്കുകയും ചെയ്തു. 1940 ൽ ഗുരുവായൂരിനടുത്തുള്ള ബ്രഹ്മകുളത്ത് ജനിച്ച സി.എൻ. കരുണാകരൻ മദ്രാസിലെ ഗവണ്മെന്റ് സ്കൂള് ഓഫ് ആർട്സ് ആൻഡ് ക്രാഫ്റ്റ്സിൽ ചിത്രകലയും ഡിസൈനിംഗും പഠിച്ചത് ഡി.പി. റോയ് ചൗധരി, കെ.സി.എസ്. പണിക്കര് തുടങ്ങിയ മഹാരഥന്മാരുടെ കീഴിലാണ്.  

കുറച്ചുകാലം മദ്രാസിൽ പ്രവർത്തിച്ച ശേഷം 1970 ൽ അദ്ദേഹം കേരളത്തിലേക്ക് മടങ്ങുകയും കലാപ്രവർത്തനത്തോടൊപ്പം 1973-ൽ സംസ്ഥാനത്തെ ആദ്യത്തെ സ്വകാര്യ ഗാലറിയായ ചിത്രകൂടം ആരംഭിക്കുകായും ചെയ്തു. ഇന്ത്യയിലും വിദേശത്തും നിരവധി പ്രദര്ശനങ്ങൾ നടത്തിയ അദ്ദേഹത്തിന് രാജാ രവിവർമ്മ പുരസ്കാരം, കേരള ലളിതകലാ അക്കാദമി അവാർഡ്, പി.ടി. ഭാസ്കര പണിക്കര് അവാര്ഡ് തുടങ്ങി ഒട്ടനവധി അംഗീകാരങ്ങള് ലഭിച്ചിട്ടുണ്ട്. കേരള ലളിതകലാ അക്കാദമി ചെയർമാനായും അദ്ദേഹം സേവനമനുഷ്ഠിച്ചു. കാവ്യാത്മകമായ ഒരു ചാരുതയും അതേസമയം സാംസ്കാരികമായ ആഴവും കൊണ്ട് ശ്രദ്ധേയമാണ് സി.എൻ. കരുണാകരന്റെ സൃഷ്ടികൾ.