കണ്ണൂർ: മോഷണം ആസൂത്രണം ചെയ്യുന്നതിനിടെനിരവധി കവർച്ചാ കേസിലെ പ്രതിയായ യുവാവിനെ കണ്ണൂർ നഗരത്തിൽ നിന്നും കണ്ണൂർടൗൺ പൊലിസ് അറസ്റ്റു ചെയ്തു. കൊയ്യം വളക്കൈ പുതുവേലിൽ വീട്ടിൽ സുനിൽ ജോസഫെന്ന സോനു (28)വാണ് അറസ്റ്റിലായത്. കണ്ണൂർ പഴയ ബസ് സ്റ്റാൻഡിലെ സഫിയ ബിൽഡിങ് മാർട്ടിൽ നടത്തിയ കവർച്ചാ കേസിലാണ് പിടികൂടിയത്.
കഴിഞ്ഞ ജൂൺ ഒന്നിന് രാത്രിയായിരുന്നു ഇയാൾ കവർച്ച നടത്തിയത്. സ്ഥാപനത്തിലെ എമർജൻസി വിൻഡോ വഴി അകത്തു കയറിയായിരുന്നു കവർച്ച. 12,000 രൂപ വിലവരുന്ന രണ്ട് മൊബൈൽ ഫോണുകൾ, നാലായിരം രൂപ വിലവരുന്ന മൂന്ന് പെട്ടി വയറിങ് കേബിളുകൾ എന്നിവയാണ് കവർന്നത്. കട ഉടമ സൈഫു ഷാഫിയുടെ പരാതിയിൽ കേസെടുത്ത് പൊലിസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് സുനിൽ ജോസഫ് വെള്ളിയാഴ്ച്ച പുലർച്ചെ വീണ്ടും മോഷണം ആ സുത്രണം ചെയ്യുന്നതിനിടെ കണ്ണൂർടൗണിൽ നിന്നും പിടിയിലായത്.
സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ഇയാളെ പൊലിസ് ചോദ്യം ചെയ്തപ്പോൾ കണ്ണൂർ നഗരത്തിലും പരിസര പ്രദേശങ്ങളിലും നടന്ന ചെറുതും വലുതുമായ കവർച്ചകളിൽ ബന്ധമുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. കഞ്ചാവ് ഉൾപെടെയുള്ള ലഹരി ഉപയോഗിക്കുന്ന ഇയാൾക്ക് മയക്കുമരുന്ന് വിൽപന സംഘങ്ങളുമായി ബന്ധമുണ്ടെന്ന സൂചനയും ലഭിച്ചിട്ടുണ്ട്. പ്രതിയെ കണ്ണൂർ കോടതിയിൽ ഹാജരാക്കി. അന്വേഷണത്തിന് കണ്ണൂർ ടൗൺഎസ്.എച്ച്.ഒ ശ്രീജിത്ത് കൊടേരി നേതൃത്വം നൽകി.