കണ്ണൂര്: കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ അക്കാദമികമാറ്റങ്ങൾ രാഷ്ടീയഗുഢാലോചനകളുടെ ഭാഗമായോ മതസംഘടനകളുടെ സമ്മർദ്ദത്തിന് വിധേയമായോ തടസ്സപ്പെടുന്നത് ദൂരവ്യാപകദോഷഫലമുളവാക്കുമെന്നും പൊതുവിദ്യാഭ്യാസഗുണമേന്മാ മാറ്റങ്ങൾ മതസംഘടനകൾക്ക് വിട്ടുകൊടുക്കരുതെന്നും ആൾ കേരള സ്കൂൾസ് ടീച്ചേർസ് യൂണിയൻ (എകെഎസ് ടി യു ) കണ്ണൂർ ജില്ലാ നേതൃ പഠന ക്യാമ്പ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പതിറ്റാണ്ടുകളായി പൊതുസമൂഹത്തിന്റെ പിന്തുണയോടെ പടുത്തുയർത്തിയതാണ് കേരളത്തിന്റെ മതനിരപേക്ഷ വിദ്യാഭ്യാസം.ദേശീയതലത്തിൽ വിദ്യാഭ്യാസത്തെ വർഗ്ഗീയവത്കരിക്കാനുള്ള അജണ്ടകളെ കേരളമിന്ന് പ്രതിരോധിക്കുകയാണ്.
പൊതുവിദ്യാലയങ്ങളുടെ പ്രവർത്തനസമയം അക്കാദമികതാല്പര്യത്തോടെയാണ് നടപ്പാക്കേണ്ടത്.മതപഠനം അതിനനുസരിച്ച് ചിട്ടപ്പെടുത്തണം. അധിക പ്രവൃത്തി ദിനങ്ങൾ അടിച്ചേൽപ്പിക്കാതെ വിദ്യാഭ്യാസ വകുപ്പ് മുന്നോട്ടുവെച്ച പ്രായോഗിക നിർദ്ദേശങ്ങൾ വിദ്യാലയങ്ങളുടെ പ്രാദേശിക സൗകര്യങ്ങൾ കൂടെ നോക്കി ക്രിയാത്മകമായി നടപ്പിലാക്കി കുട്ടിയുടെ ഗുണമേന്മാവിദ്യാഭ്യാസത്തിനും അധ്യാപകരുടെ തൊഴിൽ സംരക്ഷണത്തിനും സജ്ജരാകണമെന്നും ജില്ലാ ക്യാമ്പ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ജില്ലാ നേതൃ പഠന ക്യാമ്പ് ബാലറാം സ്മാരകത്തിൽ വെച്ച് സി പി ഐ ജില്ലാ സെക്രട്ടറി സി പി സന്തോഷ്കുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം ശൈലജ വരയിൽ അധ്യക്ഷയായി. ജില്ലാ സെക്രട്ടറി വി രാധാകൃഷ്ണൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡന്റ് എസ് എ ജീവാനന്ദ്, മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് മഹേഷ് കുമാർ മഠത്തിൽ എന്നിവർ സംസാരിച്ചു. ഗുരുബന്ധം ലളിതം അധ്യയനം എന്ന വിഷയത്തിൽ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ശ്രീജിത്ത് വാകേരി ക്ലാസ്സ് എടുത്തു. എൽ എസ് എസ്/യു എസ് എസ്/എസ് എസ് എൽ സി/പ്ലസ് ടു ഉന്നത വിജയികൾക്കുള്ള അനുമോദനവും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കോടേരി നിർവഹിച്ചു. ബിജിത വി വി അധ്യക്ഷയായി.ലിജിൻ ടി സ്വാഗതവും ലളിത എം നന്ദിയും പറഞ്ഞു. സബിത് പി കെ , അഖിൽ പി എസ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.