കൊട്ടിയൂർ ബാവലിപ്പുഴയിൽ കാണാതായ കോഴിക്കോട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

01:23 PM Jun 17, 2025 | AVANI MV

കൊട്ടിയൂർ: ബാവലി പുഴയിൽ കാണാതായ കൊട്ടിയൂർ വൈശാഖ മഹോത്സവ തീർത്ഥാടനത്തിനെത്തിയ കോഴിക്കോട് അത്തോളി സ്വദേശിയുടെ മൃതദേഹം കണിച്ചാർ ഓടം തോട് ചപ്പാത്ത് പുഴയിൽ നിന്ന് പേരാവൂർ ഫയർഫോഴ്സ് നടത്തിയ തെരച്ചിലിൽ കണ്ടെത്തി. ഇന്ന് രാവിലെ നടത്തിയ തെരച്ചിലിലാണ് കോഴിക്കോട് അത്തോളി സ്വദേശി നിശാന്തിൻ്റെ മൃതദേഹം കണ്ടെത്തിയത്.

 ഭാര്യയോടൊപ്പം കൊട്ടിയൂർ തീർത്ഥാടനത്തിനായി എത്തിയ നിശാന്ത് അക്കരെ കൊട്ടിയൂരിൽ കുളിക്കുമ്പോൾ ബാവലി പുഴയിലെ ഒഴുക്കിൽപ്പെടുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച്ച രാവിലെയാണ് സംഭവം. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി കേളകം പൊലിസ് ഇൻക്വസ്റ്റ് നടത്തിയതിനു ശേഷം തലശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

കനത്ത മഴയിൽ കൊട്ടിയൂർ ദേവസ്വം ബോർഡ് തീർത്ഥാടകർക്കായി താൽക്കാലിക തടയണകെട്ടി കുളിക്കാനായി ചിറ യൊരുക്കിയിരുന്നുവെങ്കിലും ഇതു മലവെള്ളപാച്ചിലിൽ ഒലിച്ചു പോവുകയായിരുന്നു. ഇതിനു ശേഷമുണ്ടായ കുത്തൊഴുക്കിലെ ചുഴിയിലാണ് തീർത്ഥാടകനായ യുവാവ് ഒലിച്ചു പോയത്.അന്നേ ദിവസം തന്നെകാഞ്ഞങ്ങാട് സ്വദേശി അഭിജിത്തിനെയും കാണാതായിട്ടുണ്ട്. ഇയാൾക്കായി ഫയർ ഫോഴ്സ് തെരച്ചിൽ നടത്തിവരികയാണ്.