തളിപ്പറമ്പ്: ആക്രി സാധനങ്ങളുടെ കൈമാറ്റവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളെ തുടർന്ന് തളിപ്പറമ്പ് നഗരസഭാ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷവും ഭരണപക്ഷവും തമ്മിൽ ഉന്തുംതള്ളും വാക്കേറ്റവും .ബുധനാഴ്ച്ചരാവിലെ നടന്ന കൗൺസിൽ യോഗത്തിലാണ് ഭരണ പ്രതിപക്ഷങ്ങൾ തമ്മിൽ കൊമ്പുകോർത്തത്. ആക്രി ഇടപാടിൽ നഗരസഭാ സെക്ഷന്‍ ക്ലര്‍ക്ക് വി.വി.ഷാജി ഗുരുതരമായ വീഴ്ച്ചവരുത്തിയതായി ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയ സ്റ്റിയറിംഗ് കമ്മറ്റി കണ്ടെത്തിയിരുന്നു.ഇതേക്കുറിച്ച് പ്രതിപക്ഷ അംഗം സി.വി.ഗിരീശൻ ഉന്നയിച്ച ചോദ്യമാണ് സംഘർഷത്തിന് വഴിമരുന്നിട്ടത്.
ഇതു സംബന്ധിച്ച് മെയ്22 ന് ചേര്‍ന്ന നഗരസഭാ കൗണ്‍സിലില്‍ ഉയര്‍ന്നുവന്ന വിവാദങ്ങളെ തുടര്‍ന്നാണ് അന്വേഷണം നടത്താന്‍ സ്റ്റിയറിംഗ് കമ്മറ്റിയെ ചുമതലപ്പെടുത്തിയത്.സാധനങ്ങളുടെ തൂക്കം രേഖപ്പെടുത്തിയത് സാക്ഷ്യപ്പെടുത്താതിരുന്നത് ഉള്‍പ്പെടെ നഗരസഭക്ക് അധികബാധ്യത വരുത്തിയതില്‍ ഷാജിയുടെ ഭാഗത്ത് ഗുരുതരമായ വീഴ്ച്ചയും അനാസ്ഥയുമാണ് സ്റ്റിയറിംഗ് കമ്മറ്റി കണ്ടെത്തിയത്.
ഫയല്‍ പഠിച്ച ശേഷം വി.വി.ഷാജിക്കെതിരെ കൈക്കൊള്ളേണ്ട നടപടിസംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ അന്വേഷണ ഉദ്യേഗസ്ഥയായി റവന്യൂ വിഭാഗം അസി.സെക്രട്ടെറി പി.ലേഖയെ സ്റ്റിയറിംഗ് കമ്മറ്റി ചുമതലപ്പെടുത്തിയത് ചോദ്യം ചെയ്തു കൊണ്ടു കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ നേതാവ് ഒ.സുഭാഗ്യം, സി.വി.ഗിരീശൻ, കെ.എം.ലത്തീഫ്, വി. വിജയൻ എന്നിവർ ചോദ്യങ്ങളുമായി എഴുന്നേറ്റു.ഇതു സപ്ലിമെൻ്ററി അജണ്ടയിൽ അവസാനമായി ചർച്ച ചെയ്യാമെന്ന ചെയർപേഴ്സൻ മുർഷിദ കൊങ്ങായി പറഞ്ഞത് അംഗീകരിക്കാനാവില്ലെന്നും മുഖ്യ അജണ്ടയിൽ ഒന്നാമതായി ഉൾപ്പെടുത്തണമെന്നും പ്രതിപക്ഷം വാദിച്ചു.
ഇതിനെതിരെ വൈസ് ചെയർമാൻ കല്ലിങ്കിൽ പത്മനാഭൻ, പി.സി. നസീർ, പി.പി. മുഹമ്മദ് നിസാർ, എം.കെ. ഷബിത എന്നിവരും രംഗത്തിറങ്ങി.
ഇതോടെ ഇരു വിഭാഗവും ഉന്തും തള്ളും വാക്കേറ്റവും നടന്നു. മുതിർന്ന മറ്റ് കൗൺസിലർമാർ ഇടപെട്ടാണ് രംഗം
ശാന്തമാക്കിയത്.1,81,560 രൂപയക്കാണ് തളിപ്പറമ്പ് മന്നയിലെ അഴീക്കോടന്റകത്ത് അബ്ദുള്‍റഷീദ് ആക്രി സാധനങ്ങൾ ലേലം കൊണ്ടത്.
ഇയാള്‍ക്ക് നല്‍കിയ അറിയിപ്പിന്റെ പകര്‍പ്പല്ലാതെ മറ്റ് നടപടിക്രമങ്ങളൊന്നും തന്നെ ഫയലില്‍ രേ്ഖപ്പെടുത്തിയിട്ടില്ല. നഗരസഭാ ചെയര്‍പേഴ്‌സന്‍ നല്‍കിയ മുന്‍കൂര്‍ അനുമതികള്‍ കൗണ്‍സിലിന്റെ മുൻപിൽ സമര്‍പ്പിച്ചിട്ടുമില്ല.
സാധനങ്ങളുടെ ഇനം തിരിച്ചുള്ള തൂക്കം മേലധികാരികളെ കൊണ്ട് സാക്ഷ്യപ്പെടുത്തിയില്ലെന്നും കണ്ടെത്തി.
1,10,000 രൂപ മാത്രമാണ് ഈ ഇനത്തില്‍ നഗരസഭ ഫണ്ടില്‍ ഒടുക്കിയിട്ടുള്ളത്.പിതാവിനും മകനും അസുഖമായതിനാലും മകളുടെ വിവാഹത്തിരക്കിനായതിനാലുമാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാതിരുന്നതെന്നാണ് വി.വി.ഷാജി സ്റ്റിയറിംഗ് കമ്മറ്റിയെ അറിയിച്ചത്.
ഗുരുതരമായ ക്രമക്കേട് നടന്നതിനെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഒ. സുഭാഗ്യത്തിൻ്റെ നേതൃത്വത്തിൽ കൗൺസിൽ യോഗം ബഹിഷ്കരിച്ച് പ്രതിപക്ഷ കൗൺസിലർമാർ നഗരസഭാ ഓഫീസ് കവാടത്തിന് മുന്നിൽ ധർണ നടത്തി.നഗരസഭാ മുൻ വൈസ് ചെയർമാനും സി.പി.എം നേതാവുമായ ടി. ബാലകൃഷ്ണൻ ധർണ ഉദ്ഘാടനം ചെയ്തു.