+

വായാട്ടു പറമ്പിൽ കണ്ടെത്തിയ തലയോട്ടിയും അസ്ഥികളും കന്യാകുമാരി സ്വദേശിയുടെത് ; അന്വേഷണം ഊർജ്ജിതമാക്കി പൊലിസ്

വായാട്ടുപറമ്പിൽ ആൾത്താമസമില്ലാത്ത വീട്ടുപറമ്പിൽ കണ്ടെത്തിയ തലയോട്ടിയും അസ്ഥികളും തമിഴ്‌നാട് സ്വദേശിയുടേതെന്ന് പൊലിസ് അന്വേഷണത്തിൽ തിരിച്ചറിഞ്ഞു.


ആലക്കോട് : വായാട്ടുപറമ്പിൽ ആൾത്താമസമില്ലാത്ത വീട്ടുപറമ്പിൽ കണ്ടെത്തിയ തലയോട്ടിയും അസ്ഥികളും തമിഴ്‌നാട് സ്വദേശിയുടേതെന്ന് പൊലിസ് അന്വേഷണത്തിൽ തിരിച്ചറിഞ്ഞു. പൊലിസ് വിവരം അറിയിച്ചതിനെ തുടർന്ന് തുടർന്ന് കന്യാകുമാരി കൽക്കുളം സ്വദേശി സോമന്റെ (61) മകൾ അനീഷയും ബന്ധുക്കളും സ്ഥലത്തെത്തി മൃതദേഹത്തിന് സമീപത്തുണ്ടായിരുന്ന ഷർട്ടും മുണ്ടും തിരിച്ചറിഞ്ഞു.

 അനീഷയും അഞ്ച് ബന്ധുക്കളുമാണ് ഇന്നലെ രാവിലെ ആലക്കോട് എത്തിയത്. 
 മൂന്നു ദിവസം മുമ്പാണ് ആളൊഴിഞ്ഞ പറമ്പിൽ തലയോട്ടിയും അസ്ഥിയും കണ്ടത്. ഇതിനു സമീപത്തുനിന്ന് ലഭിച്ച ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് സോമനിൽ എത്തിയത്. 

നേരത്തെ ആലക്കോട് മേഖലയിൽ വന്നിട്ടുള്ള ഇയാൾ ഇവിടെ ആക്രി സാധനങ്ങൾ ശേഖരിക്കുന്ന ജോലി ചെയ്തിരുന്നു. സോമന് ആലക്കോട് സുഹൃത്തുണ്ടെന്നും പൊലിസിന് മനസിലായി. കണ്ണൂർ ഗവ. മെഡിക്കൽ കോളജിലുള്ള മൃതദേഹാവശിഷ്ടങ്ങൾ പോസ്റ്റ്‌മോർട്ടം നടത്തി ഡിഎൻഎ പരിശോധന നടത്താനാണ് പൊലിസിന്റെ നീക്കം. എന്നാൽ എങ്ങനെയാണ് മരണം സംഭവിച്ചതെന്ന കാര്യത്തിൽ ഇതുവരെ സൂചനകളൊന്നും ലഭിച്ചില്ല. കൊലപാതക സാദ്ധ്യത പൊലിസ് തള്ളിക്കളയുന്നില്ല. സംഭവത്തെ കുറിച്ചു അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്ന് ആലക്കോട് പൊലിസ് അറിയിച്ചു.

facebook twitter