അത്തക്ക കുന്നിൽ മരം കടപുഴകി വീണു :ഗതാഗതം മുടങ്ങി

11:35 AM Jul 03, 2025 | AVANI MV

കമ്പിൽ: കനത്ത കാറ്റിലും മഴയിലും അത്തക്ക കുന്നിൽ കൂറ്റൻ മരം പൊട്ടി വീണ് അപകടം. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. റോഡിനോട് ചേർന്നുവളർന്നിരുന്ന കൂറ്റൻ മരം കാറ്റിൽ പൊട്ടിവീഴുകയായിരുന്നു. 

മരം റോഡിൽ വീണതോടെ ഇതു വഴിയുള്ള ഗതാഗതം തടസപ്പെട്ടു. വൈദ്യുതി വിതരണവും താൽകാലികമായി നിലച്ചു. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് മരം മുറിച്ചുമാറ്റാനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. വൈദ്യുതി ബന്ധം വൈകിട്ടോടെ പുന:സ്ഥാപിക്കുമെന്ന് കെ.എസ്.ഇ ബി അധികൃതർ അറിയിച്ചു.