കണ്ണൂർ: പീപ്പിൾസ് മിഷന്റെ നേതൃത്വത്തിൽ എല്ലാ വാർഡിലും വായനശാല എന്ന പദ്ധതി ലക്ഷ്യപ്രാപ്തിയിലേക്ക് എത്തിക്കൊണ്ടിരിക്കയാണെന്ന് കൺവീനർ ടി കെ ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വായനശാലകളുടെ പ്രവർത്തനങ്ങളെ കൂടുതൽ മെച്ചപ്പെട്ട നിലയിൽ പുതുക്കിപ്പണിയാൻ പ്രേരകമാകുന്നതിനായി ഏർപ്പെടുത്തിയ പീപ്പിൾസ് അവാർഡ് പ്രഖ്യാപിച്ചു. മികച്ച വായനശാലയായി തിരഞ്ഞെടുക്കപ്പെട്ട മയ്യിൽ സഫ്ദർ ഹാഷ്മിയും പെരളം എകെജിയുമാണ്.
പിണറായി സി മാധവൻ സ്മാരക വായനശാലയുടെ സെക്രട്ടറി അഡ്വ: വി പ്രദീപനെയാണ് മികച്ചലൈബ്രറി സിക്രട്ടറിയായി തിരഞ്ഞെടുത്തത്. ചെറുതാഴം ഭഗത് സിംഗ് വായനശാലയുടെലൈബ്രറിയൻ വിപിന പിയാണ് മിച്ച ലൈബ്രേറിയനുള്ള അവാർഡ്. ജൂലായ് 5 ന്ഉച്ചതിരിഞ്ഞ് 2 മണിക്ക് ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കുന്ന അവാർഡ് ദാന പരിപാടി പീപ്പിൾസ് മിഷൻ ഉപദേശക സമിതി ചെയർമാനായ ടി പത്മനാഭന്റെ സാനിദ്ധ്യത്തിലാണ് നടക്കുക.
മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുൾപ്പെടെയുള്ളപ്രമുഖ വ്യക്തികൾ സംബന്ധിക്കും ചടങ്ങിൽ വെച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ:കെ കെ രത്നകുമാരി ഇന്ദ്രൻസിനെ ആദരിക്കും. വാർത്താ സമ്മേളനത്തിൽ പീപ്പിൾസ് മിഷൻ കൺവീനർ ടി കെ ഗോവിന്ദൻ മാസ്റ്റർ,ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡണ്ട് മുകുന്ദൻ മഠത്തിൽ, സിക്രട്ടറി പി കെ വിജയൻ ,ജില്ലാ പഞ്ചായത്ത് വൈ:പ്രസിഡണ്ട് അഡ്വ.ബിനോയ് കുര്യൻ എന്നിവർ പങ്കെടുത്തു.