രാജപുരത്തെ കള്ള തോക്ക് നിർമ്മാണ കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ : പിടിയിലായത് നായാട്ടുകാരായ സംഘം

07:39 PM Jul 12, 2025 | AVANI MV

ചെറുപുഴ:രാജപുരത്തെ കള്ളത്തോക്ക് നിർമ്മാണ കേസിൽ രണ്ടുപേരെ കൂടി രാജപുരം സിഐ രാജേഷ് പി അറസ്റ്റ് ചെയ്തു. രണ്ടാം പ്രതി കള്ളാർ സ്വദേശിയായ സന്തോഷ് വിജയൻ (36), മൂന്നാം പ്രതിയായ പരപ്പ മുണ്ടത്തടത്തിലെ പി.ജെ.ഷാജി  (55) എന്നിവരെയാണ് കഴിഞ്ഞ ദിവസം പരപ്പയിൽ നിന്നും അറസ്റ്റുചെയ്തത്.

പ്രതികൾ രണ്ടുപേരും കർണാടകത്തിലേക്ക് കടക്കുവാൻ ശ്രമിക്കുന്നതിനിടയിലാണ് അറസ്റ്റ്. സ്റ്റേഷനിൽ ഹാജരാക്കിയ ഇവരെ ഒന്നാം പ്രതി തിരിച്ചറിഞ്ഞതിൻ്റെ അടിസ്ഥാനത്തിൽ അറസ്റ്റ് രേഖപ്പെടുത്തി.  ബേക്കൽ ഡിവൈഎസ്പി വിവി മനോജ് കുമാർ സ്റ്റേഷനിലെത്തി പ്രതികളെ ചോദ്യം ചെയ്തു.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.രണ്ടും മൂന്നും പ്രതികൾക്ക് വേണ്ടിയാണ് ഒന്നാംപ്രതി തോക്ക് നിർമ്മിച്ചതെന്നും, കേസിൽ ഒരാൾ കൂടി ഉൾപ്പെട്ടിട്ടുണ്ടെന്നും, ഇയാൾക്ക് വേണ്ടിയുള്ള അന്വേഷണത്തിലാണെന്നും സിഐ പറഞ്ഞു. 
ഒന്നാം പ്രതിക്ക് വേണ്ടിയാണ് മൂന്നാമത്തെ തോക്ക് നിർമ്മിച്ചതെന്നും പൊലീസ് പറഞ്ഞു. പ്രതികൾ നായാട്ട് വിദഗ്ധരാണെന്നും, പല സംഘങ്ങളുടെയും കൂടെ ഇവർ നായാട്ടിന് പോയിട്ടുണ്ടെന്നുംസിഐ പറഞ്ഞു. തോക്ക് നിർമ്മാണത്തിനായി വീട് വാടകയ്ക്കെടുത്തത് രണ്ടാം പ്രതിയായ സന്തോഷാണ്.തോക്ക് നിർമ്മിക്കാനാവശ്യമായ സാധനങ്ങൾ വാങ്ങിയതും ഇയാളാണ്.കേസിലെ ഒന്നാം പ്രതിയായ അജിത് കുമാറിനെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് ജുഡീഷ്യൽകസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്.