കണ്ണൂരിൽ കുഞ്ഞിനെയും കൊണ്ട് പുഴയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി: ആത്മഹത്യയ്ക്ക് കാരണം ഭർതൃപീഡനമെന്ന് പരാതി

02:52 PM Jul 20, 2025 | AVANI MV


പഴയങ്ങാടി : മുന്നുവയസുള്ള കുഞ്ഞുമായി ചെമ്പല്ലിക്കുണ്ട് പുഴയിൽ ചാടിയ അമ്മയുടെ മൃതദേഹം കണ്ടെത്തി.വയലപ്ര ആർ.എം.നിവാസിൽ എം.വി.റീമ (25) മൃതദേഹമാണ് കണ്ടെത്തിയത്.മകൻ അമൽരാജിനെയും എടുത്ത് റീമ പുഴയിലേക്ക് ചാടുകയായിരുന്നു.ഇന്ന് പുലർച്ചെ ഒന്നര മണിയോടെയാണ് സംഭവമുണ്ടായത്.സ്‌കൂട്ടറിൽ കുഞ്ഞുമായി വന്ന് പുഴയിലേക്ക് ചാടുകയായിരുന്നു.മത്സ്യബന്ധനത്തിന് എത്തിയ തൊഴിലാളികളാണ് സംഭവം കണ്ടത്.ഇവരാണ് പൊലീസിൽ വിവരമറിയിച്ചത്.

നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് അമ്മയുടെ മൃതദേഹം കണ്ടെത്തിയത്.കുഞ്ഞിന്റെ മൃതദേഹത്തിനായി തെരച്ചിൽ തുടരുന്നു.കുടുംബപ്രശ്‌നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്ന് വീട്ടുകാർ പറഞ്ഞു.ഇരിണാവിലെ ഭർത്താവ് കമൽരാജും മാതാവ് പ്രേമയും നിരന്തരമായി മാനസികമായി പീഡിപ്പിച്ചിരുന്നതായിട്ടാണ് വിവരം.കഴിഞ്ഞ ദിവസം വിദേശത്തുനിന്നും വന്ന ഭർത്താവ് കമൽരാജ് കുട്ടിയെ തനിക്ക് വേണം എന്ന് ആവശ്യപ്പെട്ടത് റീമയെ മാനസികമായി തളർത്തിയിരുന്നതായി വീട്ടുകാർ പറഞ്ഞു.മോഹനൻ-രമ ദമ്പതികളുടെ മകളാണ് മരിച്ച റീമ. സഹോദരി: രമ്യ.

Trending :