എൽ.ഇ.ഡി ബൾബ് നിർമ്മാണവുമായി വിദ്യാർത്ഥികൾ : വ്യത്യസ്ത പദ്ധതിയൊരുക്കി കിഴുന്ന സൗത്ത് യു പി സ്കൂൾ മെഹ്ഫിൽ ഉർദു ക്ലബ്ബ്

07:29 PM Jul 27, 2025 | AVANI MV

 കിഴുന്ന: സമഗ്ര ശിക്ഷ കേരള ഈ അധ്യയന വർഷം നടപ്പിലാക്കുന്ന സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഭാഗമായി കിഴുന്ന സൗത്ത് യു പി സ്കൂൾ മെഹ്ഫിൽ ഉർദു ക്ലബ്ബ് പുതിയൊരു ആശയവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഉറുദു പാഠ ഭാഗങ്ങളോടൊപ്പം സ്വയംതൊഴിൽ പരിശീലനത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്, 'വിദ്യശ്രീ ഒന്നിച്ചൊന്നായി കുട്ടിക്കൂട്ടം' പദ്ധതിയിലൂടെ. 

പദ്ധതിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് എൽഇഡി ബൾബ് നിർമ്മാണ പരിശീലനം നടന്നു. എനർജി മാനേജ്മെന്റ് സെന്റർ സംസ്ഥാന റിസോഴ്സ് പേഴ്സൺ പി. സുധീർ പരിശീലനം നൽകി. ഡയറ്റ് ലക്ചറർ കെ.ബീന പദ്ധതി ഉദ്ഘാടനം ചെയ്തു. മദർ പി.ടി.എ പ്രസിഡണ്ട് പുഷ്പജ വയക്കാടി അധ്യക്ഷയായി. ബിആർസി ട്രെയിനർ രാജേഷ് മാണിക്കോത്ത്, ലൈബ്രറി കൗൺസിൽ കൺവീനർ ജനു ആയിച്ചാൻകണ്ടി, പ്രധാന അധ്യാപിക ആർ.ബിന്ദു,എം ശിഹാബുദ്ദീൻ,സി.വി.കെ.റാഷിദ്, പി. കെ. ആതിരബാബു എന്നിവർ സംസാരിച്ചു. 

സോപ്പുല്‌പന്നങ്ങളുടെ നിർമ്മാണം, കുട നിർമ്മാണം, കൗതുക വസ്തുക്കളുടെ നിർമ്മാണം എന്നിവയും പദ്ധതിയിലുണ്ട്. ഉല്‌പന്നങ്ങൾ വിറ്റു കിട്ടുന്ന ലാഭവിഹിതം കുട്ടികളുടെ ക്ഷേമത്തിനായി ഉപയോഗിക്കും. പ്രധാന അധ്യാപിക ആർ.ബിന്ദു,ഉർദു അധ്യാപകൻ സി.വി. കെ. റാഷിദ് എന്നിവർ നേതൃത്വം നൽകുന്നു. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാ മാസവും നമേശൻഎന്ന പേരിൽ മാസിക പ്രസിദ്ധീകരിച്ച് ഈ വിദ്യാലയം വിദ്യാഭ്യാസ പ്രവർത്തകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്