തൊട്ടിൽപ്പാലത്ത് കണ്ടക്ടറെ മർദ്ദിച്ച സംഭവം : തലശേരി റൂട്ടിൽ നാളെ മുതൽ അനിശ്ചിത കാല ബസ് പണിമുടക്ക്

07:59 PM Jul 31, 2025 | Neha Nair

തലശേരി : തലശേരി റൂട്ടിൽ നാളെ സ്വകാര്യ ബസ് തൊഴിലാളികൾ അനിശ്ചിത കാലസമരം പ്രഖ്യാപിച്ചു. തൊട്ടിൽപ്പാലത്ത് സ്വകാര്യ ബസ് കണ്ടക്ടറെ മർദ്ദിച്ച സംഭവത്തിൽ മുഴുവൻ പ്രതികളെയും അറസ്റ്റു ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് തൊഴിലാളികൾ പണിമുടക്ക് പ്രഖ്യാപിച്ചത്. 

സമരം ഒത്തുതീർക്കുന്നതിനായി പൊലിസ് അനുരജ്ഞന യോഗം വ്യാഴാഴ്ച്ച ഉച്ചയ്ക്ക് വിളിച്ചു ചേർത്തുവെങ്കിലും  തീരുമാനമായില്ല. കേസിൽ ഒരു പ്രതിയെ പൊലിസ് അറസ്റ്റുചെയ്തിട്ടുണ്ട്. വാണിമേൽ കൊടിയൂറ സ്വദേശി കെ.പി.സൂരജിനെ (30) യാണ് കഴിഞ്ഞ ദിവസം അറസ്റ്റുചെയ്തത്. കണ്ടക്ടറെ മർദിച്ചതിൽ പ്രതിഷേധിച്ച് ബസ് ജീവനക്കാർ ഇന്നും സർവീസ് നിർത്തിവെച്ചു. തലശ്ശേരി-തൊട്ടിൽപ്പാലം റൂട്ടിലാണ് ബസുകൾ ഓട്ടം നിർത്തിയത്. 

സമരത്തെ തുടർന്ന് യാത്രക്കാർ ഏറെ ബുദ്ധിമുട്ടി. അപ്രതീക്ഷിത പണിമുടക്ക് വിദ്യാർഥികളെയും ബാധിച്ചു. 
 വടകര-തൊട്ടിൽപ്പാലം റൂട്ടിലേക്കും ഇന്ന് ബസ് സർവീസ് നടത്തിയിരുന്നു.  തലശ്ശേരി-പെരിങ്ങത്തൂർ-കുറ്റ്യാടി-തൊട്ടിൽപ്പാലം റൂട്ടിൽ സർവീസ് നടത്തുന്ന ജഗന്നാഥ് ബസിലെ കണ്ടക്ടർ ഇരിങ്ങണ്ണൂർ സ്വദേശി കുതിരാടത്ത് വിഷ്ണുവിനാണ് മർദനമേറ്റത്. 

സംഭവത്തിൽ ചൊക്ലി പൊലീസ് വിവിധ വകുപ്പുകൾ ചേർത്ത് ഏഴുപേർക്കെതിരേ കേസെടുത്തിരുന്നു. വിദ്യാർത്ഥിനിക്ക് കൺസെഷൻ അനുവദിക്കാതെ സ്റ്റോപ്പ് എത്തുന്നതിന് മുൻപ് ഇറക്കിവിട്ടുവെന്ന് ആരോപിച്ചായിരുന്നു മർദ്ദനം പരുക്കേറ്റ കണ്ടക്ടർ തലശേരിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.