കണ്ണൂർ :ജില്ലയിലെ കായികപ്പെരുമയിൽ മറ്റൊരു നാഴികക്കല്ലായി കണ്ണൂർ പോലീസ് മൈതാനിയിലെ സിന്തറ്റിക്ക് ട്രാക്കും മൾട്ടി-പർപ്പസ് ഇൻഡോർ കോർട്ടും. ആഗസ്റ്റ് 12ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇവ നാടിന് സമർപ്പിക്കും.
ലോകോത്തര നിലവാരമുള്ള സിന്തറ്റിക്ക് ട്രാക്കും പുൽത്തകിടിയും കാൽപ്പന്തുകളികൾ ഉൾപ്പെടെയുള്ള കായിക മേളകൾക്ക് ഇനി ആവേശം കൂട്ടും. കേരള പൊലീസ് സ്‌പോർട്‌സ് ആൻഡ് യൂത്ത് വെൽഫെയർ സൊസൈറ്റിയുടെ സ്‌കീമിന് കീഴിലാണ് കണ്ണൂർ നഗരത്തിലെ പോലീസ് പരേഡ് ഗ്രൗണ്ടിലും ജില്ലാ പോലീസ് ആസ്ഥാനത്തും കായിക അടിസ്ഥാന സൗകര്യ വികസനം യാഥാർത്ഥ്യമാക്കിയത്.
പോലീസ് വകുപ്പിനുള്ളിലും അതിനപ്പുറത്തും ശാരീരിക ക്ഷമത, കായിക സംസ്‌കാരം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സാഹചര്യമാണ് കണ്ണൂർ സിറ്റി പോലീസ് മുൻകൈയെടുത്ത് ഒരുക്കിയത്. പോലീസുകാർക്ക് മാത്രമല്ല പൊതുജനങ്ങൾ, യുവാക്കൾ, കുട്ടികൾ എന്നിവർക്കു കൂടി പ്രയോജനപ്പെടും വിധം കായിക പരിശീലന സൗകര്യങ്ങൾ നവീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി പൂർത്തിയാക്കിയത്.
7.56 കോടിരൂപയുടെ ഭരണാനുമതിയോടെ 2024 മെയ് ആറിനാണ് പോലീസ് പരേഡ് ഗ്രൗണ്ടിൽ സിന്തറ്റിക് ട്രാക്ക് കം ഫുട്‌ബോൾ കോർട്ട് നിർമ്മാണം ആരംഭിക്കുന്നത്. കൂടാതെ, ഇന്റർലോക്ക് പേവിംഗ്, അലുമിനിയം കർബിംഗ്, ഗോൾ പോസ്റ്റുകൾ, ടേക്ക്-ഓഫ് ബോർഡുകൾ, മറ്റ് സ്‌പോർട്‌സ് ഉപകരണങ്ങൾ എന്നിവയുൾപ്പെടെ 61.31 ലക്ഷം രൂപയുടെ പ്രത്യേക അധിക എസ്റ്റിമേറ്റിലൂടെ അനുബന്ധ ജോലികളും നടത്തി. ഹൈദരാബാദിലെ ഗ്രേറ്റ് സ്‌പോർട്‌സ് ടെക് ആണ് പദ്ധതി നടപ്പിലാക്കിയത്. പണി ആരംഭിച്ച് ഒരുവർഷത്തിനിപ്പുറം പദ്ധതി യാഥാർത്ഥ്യമായി. കണ്ണൂരിലെ ഒട്ടുമിക്ക കായിക മത്സരങ്ങളും നടത്തുന്നത് ഇവിടെയാണ്. വർഷങ്ങളായി കണ്ണൂർ സ്‌പോർട്സ് സ്‌കൂളിലെ അത്‌ലറ്റിക്‌സ് താരങ്ങളും ഫുട്‌ബോൾ താരങ്ങളും പരിശീലിക്കുന്നത് ഈ ഗ്രൗണ്ടിലാണ്. സ്‌കൂൾ, കോളജ് കായിക മത്സരങ്ങൾ, കേരളോത്സവത്തിന്റെ ഭാഗമായുള്ള മത്സരങ്ങൾ തുടങ്ങിയവയും നടക്കാറുണ്ട്. മഴക്കാലത്തും ഉപയോഗിക്കാമെന്ന് മാത്രമല്ല കാലുകൾക്ക് കൂടുതൽ ഗ്രിപ്പും വേഗവും ലഭിക്കാൻ സിന്തറ്റിക് ട്രാക്ക് ഉപകരിക്കും. അത്‌ലറ്റുകൾക്ക് മികച്ച സമയവും കണ്ടെത്താനാകും.
വിവിധ ഇൻഡോർ കായിക വിനോദങ്ങൾക്കും ശാരീരിക പരിശീലന പ്രവർത്തനങ്ങൾക്കും ഇടം നൽകുന്ന മൾട്ടി-പർപ്പസ് ഇൻഡോർ കോർട്ടും കായിക പ്രേമികളെ ആകർഷിക്കും. 1.42 കോടിയുടെ ഭരണാനുമതിയാണ് കണ്ണൂർ പോലീസ് പരേഡ് ഗ്രൗണ്ടിലെ ഈ ഇൻഡോർ സൗകര്യത്തിനായി ലഭിച്ചത്. ഇതോടൊപ്പം, ജില്ലാ പോലീസ് ആസ്ഥാനത്തെ ഇൻഡോർ സ്പോർട്സ് സെന്റർ കം സഭാ ഹാളും പൂർത്തിയായി. 1.19 കോടി രൂപയുടെ ഭരണാനുമതിയോടെ വികസിപ്പിച്ചെടുത്ത ഈ വൈവിധ്യമാർന്ന സ്ഥലം പരിശീലന സെഷനുകൾ, ഔദ്യോഗിക മീറ്റിംഗുകൾ, ചെറിയ കമ്മ്യൂണിറ്റി പരിപാടികൾ എന്നിവ നടത്തുന്നതിനാണ് സജ്ജീകരിച്ചിരിക്കുന്നത്. സിന്തറ്റിക്ക് ട്രാക്ക്, മൾട്ടി-പർപ്പസ് ഇൻഡോർ കോർട്ട്, ഇൻഡോർ സ്പോർട്സ് സെന്റർ കം സഭാ ഹാൾ എന്നീ മൂന്ന് പദ്ധതികളുടെ പൂർത്തീകരണത്തിനായി ആകെ 10.17 കോടി രൂപയാണ് ചെലവിട്ടത്.
ആഗസ്റ്റ് 12ന് ഉച്ച 3.30ന് കണ്ണൂർ ദിനേശ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ഉദ്ഘാടന പരിപാടിയിൽ രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷനാകും. എംഎൽഎമാരായ എം.വി ഗോവിന്ദൻ മാസ്റ്റർ, കെ.വി സുമേഷ് എന്നിവർ വിശിഷ്ടാതിഥികളാകും. സംസ്ഥാന പോലീസ് മേധാവി റവാഡ എ ചന്ദ്രശേഖർ, എഡിജിപി എച്ച് വെങ്കിടേഷ്, നോർത്ത് സോൺ ഐ ജി രാജ്പാൽ മീണ, സിറ്റി പോലീസ് കമ്മീഷണർ പി നിധിൻ രാജ്, കണ്ണൂർ റേഞ്ച് ഡി ഐ ജി യതീഷ് ചന്ദ്ര എന്നിവർ പങ്കെടുക്കും.