കേളകം: കേളകം ഗ്രാമപഞ്ചായത്തിൻ്റെ കലാ കായിക സാംസ്‌കാരിക രംഗത്ത് ഉണർവുണ്ടാക്കുകയെന്ന ലക്ഷ്യവുമായി ഓണത്തോടനുബന്ധിച്ച് ‘കേളകം ഫെസ്‌റ്റ് ” സംഘടിപ്പിക്കുവാൻ സംഘാടക സമിതി രൂപീകരണ യോഗത്തിൽ തീരുമാനമായി.കേളകം ഐശ്വര്യ ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കമ്മ മേലെകുറ്റ് അധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി ടി അനീഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ മൈഥിലി രമണൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം മേരിക്കുട്ടി ജോൺസൺ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി എൻ രമണൻ, കേളകം കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സന്തോഷ് ജോസഫ് മണ്ണാർക്കുളം, വ്യാപാരി നേതാക്കളായ കൊച്ചിൻ രാജൻ, ജൂബിലി തങ്കച്ചൻ, പഞ്ചായത്ത് അംഗങ്ങളായ ടോമി പുളിക്കകണ്ടം, ജോണി പാമ്പാടിയിൽ, സിപിഎം അടക്കാത്തോട് ലോക്കൽ സെക്രട്ടറി എ എ സണ്ണി എന്നിവർ സംസാരിച്ചു.
വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ‘കേളകം ഫെസ്റ്റ്’ 2025 ആഗസ്‌റ്റ് 22 മുതൽ സെപ്റ്റംബർ 7 വരെ കേളകം ബസ്‌റ്റാൻ്റ് പരിസരത്ത് വെച്ച് നടക്കും. വിവിധ വിഭാഗങ്ങളിൽ പെട്ടവരുടെ കലാ കായിക മത്സരങ്ങൾ, കലാ സാംസ്‌കാരിക പരിപാടികൾ, അമ്യൂസ്മെന്റ് പാർക്ക്, ഫുഡ് കോർട്ട്, വിപണന സ്‌റ്റാളുകൾ എന്നിവ ഉൾപ്പെടുന്നതാണ് കേളകം ഫെസ്‌റ്റ്.