+

ഒരച്ഛൻ്റെ സ്വപ്നം പൂവണിഞ്ഞു; അപൂർവരോഗം തട്ടിയെടുത്ത മക്കൾക്കായി സ്മാരകമുയർന്നു

അപൂർവ രോഗം അകാലത്തിൽ തട്ടിയെടുത്ത മക്കൾക്ക്​ സ്മാരകം പണിയണമെന്നത്​ കാരയിലെ വി എം ബാലൻ മാസ്റ്റരുടെ വലിയ സ്വപ്നമായിരുന്നു. അദ്ദേഹം ഏറെക്കാലം കൊണ്ടുനടന്ന സ്വപ്​നം പൂവണിയുമ്പോൾ അതിന്​ സാക്ഷ്യം വഹിക്കാൻ ആ പിതാവ് ഇന്നില്ല.

മട്ടന്നൂർ : അപൂർവ രോഗം അകാലത്തിൽ തട്ടിയെടുത്ത മക്കൾക്ക്​ സ്മാരകം പണിയണമെന്നത്​ കാരയിലെ വി എം ബാലൻ മാസ്റ്റരുടെ വലിയ സ്വപ്നമായിരുന്നു. അദ്ദേഹം ഏറെക്കാലം കൊണ്ടുനടന്ന സ്വപ്​നം പൂവണിയുമ്പോൾ അതിന്​ സാക്ഷ്യം വഹിക്കാൻ ആ പിതാവ് ഇന്നില്ല. മക്കളുടെ മരണശേഷം മനസ്സിൽ കൊണ്ടുനടന്ന സ്വപ്​നമാണ്​ കാരയിൽ അദ്ദേഹം നൽകിയ ഭൂമിയിൽ യാഥാർത്ഥ്യമായത്​. എം ബാലൻ മാസ്റ്റരുടെയും അധ്യാപികയായ ഭാര്യ  ജാനകിയുടെയും മക്കളായ  ജയരാജും ബീനയും അപൂർവ രോഗത്തിന്​ അടിപ്പെട്ട് മരണപ്പെടുകയായിരുന്നു. 1993 ഒക്​ടോബർ  19ന്​ 36ാമത്തെ വയസിൽ​ ജയരാജും  2010 ജൂലൈ 29ന്​ 36ാമത്തെ  വയസിൽ ബീനയുംമരിച്ചു. 

രണ്ടു മക്കളുടെയും വിയോഗം തളർത്തിയെങ്കിലും അവരുടെ സ്മരണക്കായി നാടിന് എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം ഈ അധ്യാപക ദമ്പതികൾക്കുണ്ടായി. അതിനായി​ തന്‍റെ സമ്പാദ്യത്തിൽ ഒരു ഭാഗം നീക്കിവെക്കാൻ അദ്ദേഹം ആഗ്രഹിച്ചു. തന്‍റെ ആഗ്രഹം അടുത്ത സുഹൃത്തുക്കളുമായി  പങ്കുവെച്ചു. തന്‍റെ പേരിൽ കാരയിലുള്ള 50സെന്‍റ്​ സ്ഥലവും അവിടെ കെട്ടിടം നിർമിക്കുന്നതിനുള്ള തുക നൽകാനും അദ്ദേഹം  ആഗ്രഹം പ്രകടിപ്പിച്ചു. അതിന്‍റെ അടിസ്ഥാനത്തിൽ അന്നത്തെ നഗരസഭാ വൈസ്​ ചെയർമാൻ പി പുരുഷോത്തമനുമായി ബാലൻ മാസ്റ്ററുടെ സുഹൃത്തുക്കൾ ബന്ധപ്പെട്ടു. 

ഇതിന്‍റെ അടിസ്ഥാനത്തിൽ പി പുരുഷോത്തമൻ പ്രസിഡന്‍റും ഇപ്പാഴത്തെ നഗരസഭാ ചെയർമാൻ എൻ ഷാജിത്ത്​ സെക്രട്ടറിയായും എം ദിവാകരൻ ട്രഷററുമായി ചാരിറ്റബിൾ ട്രസ്റ്റ്​ രൂപീകരിച്ചു.  2021 ആഗസ്റ്റ്​ 24ന്​ 50 സെന്‍റ്​ സ്ഥലം ബാലൻ മാസ്റ്റർ ഇവർക്ക്​ കൈമാറി. 
തന്‍റെ ജീവിതകാലത്തുതന്നെ ഇവിടെ സ്മാരക കെട്ടിടം നിർമിച്ച്​ നഗരസഭക്ക്​ കൈമാറണമെന്ന ആഗ്രഹമാണ്​ അദ്ദേഹം  പ്രകടിപ്പിച്ചത്​.  കെട്ടിടം നിർമിക്കുന്നതിന്​ അദ്ദേഹം 66 50 000 രൂപ കൈമാറുകയും ചെയ്തു. ബാലൻ മാസ്റ്റരുടെ ആഗ്രഹ പ്രകാരം തന്നെ പ്ലാൻ തയ്യാറാക്കി നിർമാണം തുടങ്ങുകയും ചെയ്തു.  നിർമാണം ത്വരിതഗതിയിൽ നടക്കുന്നതനിടയിൽ അസുഖബാധിതനായ ബാലൻ മാസ്റ്റർ 2023 ഏപ്രിൽ 30ന്​ മരണ മടഞ്ഞു.

ഇതിനിടെ ഇവിടെ അങ്കണവാടി പ്രവർത്തനം തുടങ്ങിയിരുന്നു. ഏതാണ്ട്​ രണ്ടു കോടി രൂപ മൂല്യം വരുന്ന  സ്ഥലവും കെട്ടിടവും പൂർത്തീകരിച്ച്​ ഇതിനകം മട്ടന്നൂർ നഗരസഭക്ക്​ കൈമാറിയിട്ടുണ്ട്​.  16ന്​ സ്പീക്കർ എ എൻ ഷംസീർ ഉദ്​ഘാടനം ചെയ്യുന്ന മട്ടന്നൂർ നഗരസഭ ജയരാജ്​ - ബീന സ്മാരക മൾട്ടി ഫെസിലേിറ്റേഷൻ സെന്‍ററിൽ വാക്​വേ, പൂന്തോട്ടം ഉൾപ്പെടെ ഒരുക്കിയിട്ടുണ്ട്​.   സ്മാരക കെട്ടിടം ഉദ്​ഘാടനം ചെയ്യുന്നതോടെ ബാലൻ മാസ്റ്ററുടെ ആഗ്രഹം സാക്ഷാത്കരിക്കപ്പെടുകയാണ്.

facebook twitter