+

കണ്ണൂർ ജയിലിൽ നിന്നിറങ്ങി മൂന്നാം ദിനം വീണ്ടും മോഷണം; കുപ്രസിദ്ധ മോഷ്ടാവ് സോഡ ബാബു അഴിക്കുള്ളിലായത് പൊലിസ് നടത്തിയ അന്വേഷണത്തിൽ

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും മോചിതനായി മൂന്നാം ദിനം മോഷണം നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് തൃശൂർ ഒല്ലൂർ സ്വദേശി സോഡ ബാബുവെന്ന ബാബുരാജ് വീണ്ടും അകത്തായി.

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും മോചിതനായി മൂന്നാം ദിനം മോഷണം നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് തൃശൂർ ഒല്ലൂർ സ്വദേശി സോഡ ബാബുവെന്ന ബാബുരാജ് വീണ്ടും അകത്തായി. കണ്ണൂർ എസ് എൻ പാർക്കിന് സമീപമുള്ള സ്വകാര്യ സ്ഥാപനത്തിൻ്റെ ഉടമസ്ഥതയിലുള്ള ഹീറോ ഗ്ളാമർ ബൈക്കാണ് ഇയാൾ മോഷ്ടിച്ചത്. 

ഇതിനു ശേഷം പൊലിസ് നടത്തിയ അന്വേഷണത്തിൽ മോഷണം പോയ ബൈക്ക് കൊയിലാണ്ടിയിൽ വിറ്റതായി കണ്ടെത്തി. ഇവിടെ നിന്നും ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് കുന്നംകുളത്തു വെച്ച് കണ്ണൂർ എ.സി.പി പ്രദീപൻ കണ്ണിപ്പൊയിലിൻ്റെ നിർദ്ദേശപ്രകാരം എസ് ഐ ഷാജി പി.കെ. നാസർ എന്നിവർ ചേർന്ന് പ്രതിയെ അറസ്റ്റുചെയ്തത്. 

കണ്ണൂർ കോടതിയിൽ ഹാജരാക്കിയ സോഡ ബാബുവിനെ വീണ്ടും റിമാൻഡ് ചെയ്തു ജയിലിൽ അടച്ചു. സംസ്ഥാനമാകെ നിരവധി മോഷണ കേസുകളിൽ പ്രതിയാണ് സോഡാ ബാബു പല തവണയായി പിടിക്കപ്പെട്ട് ജയിലിൽ കിടക്കുകയും വീണ്ടും മോഷണത്തിന് ഇറങ്ങുകയാണ് ഇയാളുടെ പതിവെന്ന് പൊലിസ് പറഞ്ഞു.

facebook twitter