+

‌ടിപ്പർ ലോറി ഡ്രൈവറായി അടിച്ചു പൊളിച്ചു ജീവിതം, പണം കൊയ്യാൻ ലഹരി കച്ചവടം, വലയിൽ വീഴ്ത്തിയത് 20 വയസു മാത്രം പ്രായമുള്ള ന്യൂ ജെൻ പിള്ളേരെ, ആറ്റടപ്പയിലെ വിഷ്ണു കുടുങ്ങിയത് പൊലിസിൻ്റെ ജാഗ്രതയാൽ

നാട്ടിൽ ടിപ്പർ ലോറി ഡ്രൈവറായി ജോലി ചെയ്തു വന്നിരുന്ന ആറ്റടപ്പ നൂഞ്ഞിങ്കാവിനു സമീപം താമസിക്കുന്ന പി.പി വിഷ്ണു (23) മയക്കുമരുന്ന് വിൽപ്പനയ്ക്ക് ഇറങ്ങിയത് കൂടുതൽ പണം കൊയ്യാൻ. ബംഗ്ളൂരിൽ നിന്നുമെത്തിച്ച ഹൈബ്രിഡ് കഞ്ചാവും എം.ഡി.എം.എ യുമാണ് ഇയാൾ അതീവ രഹസ്യമായി നാട്ടിലെത്തിച്ചത്.


ചക്കരക്കൽ : നാട്ടിൽ ടിപ്പർ ലോറി ഡ്രൈവറായി ജോലി ചെയ്തു വന്നിരുന്ന ആറ്റടപ്പ നൂഞ്ഞിങ്കാവിനു സമീപം താമസിക്കുന്ന പി.പി വിഷ്ണു (23) മയക്കുമരുന്ന് വിൽപ്പനയ്ക്ക് ഇറങ്ങിയത് കൂടുതൽ പണം കൊയ്യാൻ. ബംഗ്ളൂരിൽ നിന്നുമെത്തിച്ച ഹൈബ്രിഡ് കഞ്ചാവും എം.ഡി.എം.എ യുമാണ് ഇയാൾ അതീവ രഹസ്യമായി നാട്ടിലെത്തിച്ചത്. കഴിഞ്ഞ മൂന്ന് മാസമായി ഇയാൾ മയക്കുമരുന്ന് വിൽപ്പന നടത്തുന്നുണ്ട് ഇയാളിൽ നിന്നും മയക്കുമരുന്ന് വാങ്ങിയിരുന്നത് 20 വയസ് പ്രായമുള്ള ന്യൂജനറേഷൻ കാരാണ് കണ്ണൂർ ടൗൺ, ചക്കരക്കൽ പൊലിസ് സ്റ്റേഷൻ പരിധിയിലുള്ള പ്രദേശങ്ങളിലാണ് ഇയാൾ മയക്കുമരുന്ന് വിൽപന നടത്തിയിരുന്നത്. വാട്സ്ആപ്പ് വഴിയാണ് ആവശ്യക്കാരുമായി ബന്ധപ്പെട്ടിരുന്നത്. നേരിട്ട് നോട്ടുകളായാണ് വിഷ്ണു പണം സ്വീകരിച്ചിരുന്നത്. 

ഇയാൾ സി.ഡി.എം നിരന്തരം ഉപയോഗിച്ചു പണം അയക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പൊലിസ് നിരീക്ഷണമാരംഭിച്ചത്. നിലവിൽ ഒരു കേസിലും പ്രതിയല്ലാത്ത വിഷ്ണു ടിപ്പർ ലോറി ഡ്രൈവറായിട്ട് അടിച്ചു പൊളിച്ചു ജീവിച്ചു വരികയായിരുന്നു. ഇടയ്ക്കിടെ വീട്ടിലും നാട്ടിൽ സുഹൃത്തുക്കളോടും പറയാതെ ഇയാൾ ബംഗളൂരിലേക്ക് മുങ്ങുമായിരുന്നു. ബംഗ്ളൂരിലെ മൊത്ത വിതരണക്കാരിൽ നിന്നാണ് ഇയാൾ മയക്കുമരുന്ന് വാങ്ങിയിരുന്നത്. ഇതു നേരിട്ടു തന്നെയാണ് പലയിടങ്ങളിലും  ടിപ്പർ ലോറി നിർത്തിയിട്ടും ബൈക്കിലെത്തിയും കൈമാറിയിരുന്നത്. ഇതിന് കൈയ്യോടെ പണം ലഭിച്ചിരുന്നു. ആദ്യം ചെറിയ തോതിൽ രാത്രികാലങ്ങളിൽതുടങ്ങിയ ലഹരി കച്ചവടം പിന്നീട് പൊടിപൊടിക്കുകയായിരുന്നു. ഇയാളുടെ വീട്ടിന് സമീപത്ത് അപരിചിതരായ യുവാക്കൾ നിരന്തരം വന്നു പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഈ വിവരം പൊലിസിലുമെത്തിയിരുന്നു.

അങ്ങനെയാണ് എടക്കാട് പൊലിസ് ഇൻസ്പെക്ടർ എംവി ബിജുവിൻ്റെ നേതൃത്വത്തിൽ നൂഞ്ഞിക്കാവിന് സമീപത്തെ വീടുവളഞ്ഞ് 142 ഗ്രാം എം.ഡി.എം.എയും 22 ഗ്രാം ഹൈബ്രിഡ് കഞ്ചാവും പിടികൂടിയത്. മയക്കുമരുന്ന് വിൽപ്പന നടത്തിയ വകയിൽ ലഭിച്ച ഒരു ലക്ഷത്തി പന്ത്രണ്ടായിരം രൂപയും വ്യാഴാഴ്ച്ച പുലർച്ചെ നടത്തിയ പൊലിസ് റെയ്ഡിൽ പിടിച്ചെടുത്തിട്ടുണ്ട്. ഇയാളിൽ നിന്നും മയക്കുമരുന്ന് വാങ്ങുന്നവരുടെ കോൾ /വാട്സ്ആപ്പ് ലിസ്റ്റ് പരിശോധിച്ചപ്പോൾ ഞെട്ടിക്കുന്ന വിവരങ്ങളാണ് പൊലിസിന് ലഭിച്ചത്. 20 വയസിനും അതിനു മുകളിലുള്ള ന്യൂ ജെന്നുകാരാണ് കൂടുതൽ 'ഇതിൽ പെൺകുട്ടികളുമുണ്ടെന്ന ഞെട്ടിക്കുന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. തൽക്കാലം ഇവർക്കെതിരെ നടപടിയെടുക്കാതെ നിരീക്ഷിക്കാനാണ് പൊലിസ് തീരുമാനം. മയക്കുമരുന്ന് വിൽപന തടയുന്നതിനായി ഡി ഹണ്ട് പദ്ധതി പ്രകാരം വരും ദിവസങ്ങളിലും ഓണക്കാലത്ത് കൂടുതൽ റെയ്ഡ് നടത്തുമെന്ന് എടക്കാട് പൊലിസ് ഇൻസ്പെക്ടർ എം.വി ബിജു അറിയിച്ചു. പ്രതിയെ എൻ.ഡി.പി.എസ് കുറ്റം ചുമത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തുടർ നിയമ നടപടികൾ വടകര എൻ.ഡി.പി.എസ് കോടതിയിൽ നടക്കും.

facebook twitter