തളിപ്പറമ്പിൽ പൂട്ടിയിട്ട വീടിൻ്റെ വാതിൽ തകർത്ത് വൻ കവർച്ച : മൂന്ന് പവൻ സ്വർണവും പണവും ഓട്ടുരുളിയും മോഷ്ടാവ് കൊണ്ടുപോയി

01:30 PM Aug 17, 2025 | Neha Nair

തളിപ്പറമ്പ് : തളിപറമ്പ് മുള്ളൂരിൽ വൻ കവർച്ച.അടച്ചിട്ട വീട് കുത്തിത്തുറന്ന് മൂന്ന് പവൻ സ്വർണാഭരണങ്ങൾ ഉൾപ്പെടെ മൂന്ന്ലക്ഷം രൂപ വിലമതിക്കുന്ന സാധനങ്ങൾ കവർച്ച നടത്തിയതായി പരാതി. പട്ടുവം മുള്ളൂൽ അരിയിൽ കോളനിക്ക് സമീപത്തെ ദേവ് നിവാസിസിൽ കെ.എൻ.രൂപേഷ്ബാബുവിന്റെ ഭാര്യ പി.കെ.സീമയുടെ വീട്ടിലാണ് കവർച്ച നടന്നത്.

വീട്ടുകാർ ജൂലായ്-31 ന് വൈകുന്നേരം വീട് അടച്ച് കോട്ടയത്തെ ബന്ധുവീട്ടിൽ പോയതായിരുന്നു. ആഗസ്റ്റ്-11 ന് രാവിലെ 10.30 ന് തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നത് ശ്രദ്ധയിൽപ്പെട്ടത്. വീടിന്റെ മുൻഭാഗത്തെ വാതിൽ തകർത്ത് അകത്തുകടന്ന മോഷ്ടാവ് ബെഡ്‌റൂമിലെ അലമാരയിൽ സൂക്ഷിച്ച മൂന്ന്പവൻ സ്വർണ്ണാഭരണങ്ങളും 50 ഗ്രാം വെള്ളിയാഭരണങ്ങളും പൂജാമുറിയിൽ സൂക്ഷിച്ച 1000 രൂപ വിലമതിക്കുന്ന ഉരുളിയും അലമാരയിലും മറ്റിടങ്ങളിലുമായി സൂക്ഷിച്ച 10,000 രൂപയും ഉൾപ്പെടെ മോഷ്ടിക്കുകയായിരുന്നു. വീട്ടിനകത്തെ സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലാണ്. സ്വർണ്ണാഭരണങ്ങൾ ബാങ്ക് ലോക്കറിൽ വെച്ചിട്ടുണ്ടോയെന്ന സംശയമുള്ളതിനാലാണ് പരാതി നൽകാൻ വൈകിയതെന്ന് വീട്ടുകാർ പറഞ്ഞു.

ലോക്കൽ താക്കോൾ ഉൾപ്പെടെ കള്ളൻ കൊണ്ടുപോയതിനാൽ ബാങ്ക് നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ഇന്നാണ് ലോക്കർ തുറന്ന് സ്വർണ്ണാഭരണങ്ങൾ വീട്ടിലെ അലമാരയിൽ തന്നെ ഉണ്ടായിരുന്നുവെന്ന് ഉറപ്പുവരുത്തിയത്. തളിപ്പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കണ്ണൂരിൽ നിന്നെത്തിയ വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. ഈ വീടിന് സമീപത്തെ മറ്റൊരു വീട്ടിലും മോഷണം നടന്നിരുന്നു. 300 മീറ്റർ അകലെ പറപ്പൂൽ റോഡിലായിരുന്നു മോഷണം. 10,000 രൂപയോളം ഇവിടെ നിന്ന് മോഷണം പോയതായാണ് വിവരം.