തളിപ്പറമ്പിൽ വയോധികനിൽ നിന്നും തട്ടിയെടുത്ത കോടികൾ വിലമതിപ്പുള്ള രത്നക്കല്ലുകളെവിടെ? പൊലിസ് ചോദ്യം ചെയ്യലിൽ വെളിപ്പെടുത്താതെ പ്രതികൾ, യുവാക്കളെ കസ്റ്റഡിയിൽ വാങ്ങാൻ പൊലിസ് അപേക്ഷ നൽകും

08:17 PM Aug 18, 2025 | Kavya Ramachandran


തളിപ്പറമ്പ്: പാലകുളങ്ങരയിലെ വയോധികനിൽ നിന്നുംകോടികള്‍ വിലമതിക്കുന്ന രത്‌നക്കല്ല് തട്ടിയെടുത്ത കേസില്‍ ദുരൂഹത തുടരുന്നു. ഇവർ തട്ടിയെടുത്ത രത്നക്കല്ലുകൾ എവിടെയെന്ന് ചോദ്യം ചെയ്യലിൽ വെളിപ്പെടുത്താൻ തയ്യാറാകാത്തതാണ് അന്വേഷണ സംഘത്തെ വെട്ടിലാക്കിയിരിക്കുന്നത്. ഏറെ ഡിമാൻഡുളള കോടികൾ വിലമതിക്കുന്ന രത്നക്കല്ലുകൾ പ്രതികൾ മറ്റാർക്കെങ്കിലും വിറ്റോ അതോ വിദേശത്തേക്ക് കടത്തി യോ'രഹസ്യ കേന്ദ്രത്തിൽ ഒളിപ്പിച്ചോയെന്ന ചോദ്യങ്ങൾക്കാണ് 2 വർഷത്തിനിപ്പുറം പ്രതികളെ അറസ്റ്റുചെയ്യാൻ കഴിഞ്ഞുവെങ്കിലും ഇനി ലഭിക്കേണ്ടത്.

കേസിലെ മുഖ്യപ്രതികളായരണ്ടംഗസംഘത്തെ തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്.
ചെറുകുന്ന് സ്വദേശികളായ തെക്കുമ്പാട്ടെ എം.കലേഷ്(36), ആയിരം തെങ്ങിലെ പി.പി.രാഹുല്‍(30) എന്നിവരെയാണ് തളിപ്പറമ്പ് പൊലിസ് ഏറെക്കാലത്തെ അന്വേഷണത്തിനൊടുവിൽ പിടികൂടിയത്.
2023 ജനുവരി ഏഴിനാണ് കേസിനാസ്പദമായസംഭവം നടന്നത്. പാലകുളങ്ങര തുമ്പിയോടന്‍ വീട്ടില്‍ കൃഷ്ണന്‍(72)എന്നയാളുടെ രണ്ട് കിലോഗ്രാം തൂക്കംവരുന്ന അക്വാ മറൈന്‍ എന്ന പേരിലുള്ള രത്‌നക്കല്ലും അതിന്റെ ജിയോളജിക്കല്‍ സര്‍ട്ടിഫിക്കറ്റും ഉള്‍പ്പെടുന്ന ബാഗാണ് പ്രതികൾ തട്ടിയെടുത്തത്.

45 വര്‍ഷമായി കൃഷ്ണന്‍ കൈവശം വെച്ചുവരുന്ന ഈ രത്‌നക്കല്ല് വാങ്ങാനായി മാസങ്ങളായി ബിജു എന്ന പേരില്‍ ബന്ധപ്പെട്ടുവരുന്ന കലേഷ് പറഞ്ഞതു പ്രകാരം ജനുവരി ഏഴി ന് രാവിലെ 11.10 ന് രത്‌നക്കല്ലടങ്ങിയ ബാഗുമായി തളിപ്പറമ്പ് ലൂര്‍ദ്ദ് ആശുപത്രിക്ക് പുറകിലുള്ള പാര്‍ക്കിങ്ങ് സ്ഥലത്തിന് സമീപം എത്തിയതായിരുന്നു കൃഷ്ണന്‍.

ഈ സമയത്ത് അവിടെ ബൈക്കിലെത്തിയ പ്രതികള്‍ ബാഗ് തട്ടിയെടുത്ത് കടന്നുകളഞ്ഞതായാണ് പരാതി.
നേരത്തെ ഒരു ജ്വല്ലറിയുടമ ഒരുകോടി രൂപ വിലവരുന്ന രത്‌നക്കല്ല് കൂടിയ വിലക്ക് താന്‍ വില്‍പ്പന നടത്തിത്തരാമെന്ന് ബിജു എന്ന പേരില്‍ ബന്ധപ്പെട്ട കലേഷ് ഉറപ്പുനല്‍കിയത് പ്രകാരമാണ് കൃഷ്ണന്‍ രത്‌നവുമായി പ്രതികള്‍ പറഞ്ഞ സ്ഥലത്ത് എത്തിയത്.

ഇവർ തമ്മിലുള്ള വിലപേശലിനിടെ രത്‌നകല്ലും ജിയോളജിക്കല്‍ സര്‍ട്ടിഫിക്കറ്റും അടങ്ങിയ ബാഗും കൃഷ്ണനിൽ നിന്നും തട്ടിയെടുത്ത് പ്രതികൾ ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. ഇതേ തുടർന്ന് കൃഷ്ണൻ നൽകിയ പരാതിയെ തുടർന്ന് തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.ഇ.പ്രേമചന്ദ്രന്റെ നേതൃത്വത്തില്‍ ഇന്‍സ്‌പെക്ടര്‍ പി.ബാബുമോന്‍, എസ്.ഐ ദിനേശന്‍ കൊതേരി എന്നിവര്‍ നടത്തിയ അന്വേഷണത്തിലാണ് ഞായറാഴ്ച്ച രാത്രി പ്രതികള്‍ പിടിയിലായത്.


ഇവരോടൊപ്പം ബൈക്കോടിച്ചു കവർച്ച നടത്തിയ സ്ഥലത്ത് എത്തിയ ഒരാളെക്കൂടി പിടികിട്ടാനുണ്ടെന്നും പൊലീസ് പറഞ്ഞു.
പ്രതികള്‍ സഞ്ചരിച്ച ബൈക്കുകളും ഇതുവരെ കണ്ടെത്തിയിട്ടില്ല.
രത്‌നക്കല്ല് പ്രതികള്‍ ആര്‍ക്ക് കൈമാറി യെന്ന വിവരങ്ങള്‍ ചോദ്യം ചെയ്യലില്‍ വ്യക്തമായിട്ടില്ലെന്നും പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളൂവെന്നും പൊലീസ് പറഞ്ഞു.