തളിപ്പറമ്പ് : കാഞ്ഞിരങ്ങാട്ടെ ടാസ്ക് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ എംഎസ്എഫ് പ്രവര്‍ത്തകരുടെ നാമനിര്‍ദേശപത്രിക സ്വീകരിച്ചില്ലെന്ന് ആരോപണം. ഇതേ ചൊല്ലി എസ്എഫ്‌ഐ എംഎസ്എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ കോളേജിനകത്തും സിപിഎം, മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ കോളേജിന് പുറത്തും തര്‍ക്കമുണ്ടായി. പൊലീസെത്തിയാണ് രംഗം ശാന്തമാക്കിയത്.
ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. പത്രിക സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് എംഎസ്എഫ് കോളേജിനകത്ത് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. ഇതേ സമയം കോളേജിനു മുന്നിലും റോഡിലും ആളുകള്‍ തടിച്ചുകൂടി. ഇത് സംഘര്‍ഷത്തിലേക്ക് നീങ്ങുന്ന ഘട്ടത്തിലേക്കെത്തിയപ്പോഴാണ് കൂടുതല്‍ പൊലീസ് എത്തി സംഘര്‍ഷം ഒഴിവാക്കിയത്.കോളേജില്‍ പത്രിക സ്വീകരിക്കാത്തതില്‍ എംഎസ്എഫ് സംസ്ഥാന അദ്ധ്യക്ഷന്‍ പി കെ നവാസ് പ്രതിഷേധിച്ചു. എംഎസ്എഫിന് വേണ്ടി പത്രിക സമര്‍പ്പിക്കുവാന്‍ ആരും എത്തിയില്ലെന്ന് ഉറപ്പുവരുത്താന്‍ സിഐടിയുക്കാരെ കോളേജിന് മുന്നില്‍ എത്തിച്ചുവെന്നും നവാസ് ആരോപിച്ചു.