പേരാവൂർ : കോടതി വിധിച്ച നാൽപതിനായിരം രൂപ അടക്കാത്തതിന്റെ പേരിൽ കൊട്ടിയൂർ ചുങ്കക്കുന്ന് ഉന്നതിയിലെ ആദിവാസി കുടുംബത്തിന്റെ 8 സെന്റ് ഭൂമി ജപ്തി ചെയ്ത നടപടിയിൽ ഇടപെട്ട് സിപിഐ. ഇതു സംബന്ധിച്ച മുഴുവൻ നടപടികളും നിർത്തി വെക്കാൻ സിപിഐ പേരാവൂർ മണ്ഡലം കമ്മിറ്റി റവന്യു മന്ത്രി കെ രാജനോട് അഭ്യർത്ഥിച്ചു. ജില്ലാ കളക്ടർ, ഇരിട്ടി തഹസീൽദാർ, ഐ ടി ഡി പി ഓഫീസർ എന്നിവരെയും ബന്ധപ്പെട്ട് നടപടി നിർത്തി വെക്കാൻ സിപിഐ ആവശ്യപ്പെട്ടു.
കൊട്ടിയൂർ ചുങ്കക്കുന്ന് പൊട്ടൻതോട് ഉന്നതിയിലെ കരിക്കൻ ചോടോത്ത് ചെല്ലക്കയുടെയും മക്കളുടെയും പേരിലുള്ള എട്ട് സെന്റാണ് ജപ്തി ചെയ്തത്. കൊച്ചുമക്കളുടേതുൾപ്പെടെ 2 വീടുകൾ ഈ സ്ഥത്തുണ്ട്. പൊലീസ് കേസ് പ്രതികളായ ബന്ധുക്കൾക്കായി ചെല്ലക്കയുടെ ഭർത്താവ് വെളുക്കൻ ജാമ്യം നിന്നിരുന്നു. വെളുക്കൻ മരിച്ചിട്ട് 12 വർഷമായി. കേസിലെ പ്രതികൾ പതിവായി കോടതിയിൽ ഹാജരാകാത്തതിനാലാണ് നാൽപതിനായിരം രൂപ പിഴ വിധിച്ചത്.
ഇത് അടയ്ക്കാനായില്ല. നടപടികൾ അന്തിമഘട്ടത്തിലെത്തിയപ്പോഴാണ് ചെല്ലക്കയും കുടുംബവും വിവരമറിഞ്ഞത്. ജാമ്യം നിന്ന വകയിൽ പിഴ അടച്ചില്ലെന്ന കാരണത്താൽ ആദിവാസി കുടുംബത്തിന്റെ ഭൂമി ജപ്തി ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്നും ബന്ധപ്പെട്ട കേസിലെ കക്ഷി കൾ ജീവിച്ചിരിക്കുന്നതിന്നാലും ജാമ്യം നിന്ന വ്യക്തി മരിച്ചതിനാലും ഈ നടപടി തെറ്റാണെന്നും സിപിഐ പേരാവൂർ മണ്ഡലം കമ്മിറ്റി വ്യക്തമാക്കി. മണ്ഡലം സെക്രട്ടറി ഷിജിത്ത് വായന്നൂർ ഇക്കാര്യം ചൂണ്ടിക്കട്ടി റവന്യു മന്ത്രി കെ രാജന് കത്തയച്ചു. പാർട്ടി മണ്ഡലം നേതാക്കളായ കെ എ ജോസ്, ഷാജി പൊട്ടയിൽ,എം എം രാധാകൃഷ്ണൻ,എന്നിവർ നടപടിക്ക് ഇരകളായ കുടുംബത്തെ സന്ദർശിച്ച് പിന്തുണ അറിയിച്ചു.