കണ്ണൂരിൽ ഹൈബ്രിഡ് കഞ്ചാവും ലഹരിമരുന്നും പിടികൂടിയ കേസിലെ മുഖ്യപ്രതികൾ ബാംഗ്ലൂരിൽ അറസ്റ്റിൽ

12:34 AM Aug 26, 2025 | Desk Kerala

കണ്ണൂർ/ പഴയങ്ങാടി: പഴയങ്ങാടി ബീവി റോഡിൽ വെച്ച് ഇക്കഴിഞ്ഞ ജൂൺ ആറിന് എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവും കെറ്റമിൻ ലഹരി ഗുളികകളുമായി നാല് യുവാക്കൾ പിടിയിലായ കേസിലെ മുഖ്യ പ്രതികൾ ബാംഗ്ലൂരിൽ പിടിയിലായി. മാടായി സ്വദേശി അഹമ്മദ് സുഹൈർ (26), തൃശ്ശൂർ കുന്ദംകുളം സ്വദേശി വിവേക് (28) എന്നിവരെയാണ് ബാംഗ്ലൂർ കുലശേഖരപുരത്തുള്ള ഫ്ളാറ്റിൽ നിന്നു പഴയങ്ങാടി എസ്.ഐ കെ. സുഹൈലിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. 

ബാംഗ്ലൂരിലെ സ്വകാര്യ ഐ ടി കമ്പനിയിൽ ജോലി ചെയ്യുന്ന ഇവർ ജോലിയുടെ മറവിൽ എംഡിഎംഎ, ഹൈബ്രിഡ് കഞ്ചാവ് തുടങ്ങിയ ലഹരി വസ്തുക്കൾ വിൽപന നടത്തുകയായിരുന്നു. നേരത്തെ പഴയങ്ങാടി പോലീസ് പിടികൂടിയ ലഹരി സംഘത്തിൽ നിന്നു ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിലും പണമിടമാട് അടക്കമുളള ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിലുമാണ് ഇവരെ തിരിച്ചറിയുകയും പോലീസ് സ്ഥലത്തെത്തി പിടികൂടുകയും ചെയ്തത്. 

മയക്കുമരുന്ന് സംഘത്തിലെ പ്രധാനികളാണ് ഇവരെന്ന് പോലീസ് പറഞ്ഞു. പഴയങ്ങാടി എസ് ഐ കെ സുഹൈൽ, എ എസ് ഐ ശ്രീകാന്ത്, എ എസ് ഐ . എ .ഷൈജു, മിഥുൻ എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് ഇവരെ പിടികൂടിയത്. 

Trending :

കഴിഞ്ഞ ജൂൺ ആറിന് രാവിലെ 10 മണിയോടെ പഴയങ്ങാടി പോലീസിൻ്റെ വാഹനപരിശോധനയ്ക്കിടെയാണ് പഴയങ്ങാടി എസ് ഐ കെ സുഹൈലും കണ്ണൂർ റൂറൽ എസ്പിയുടെ ലഹരിവിരുദ്ധ സ്ക്വാഡും  എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവും കെറ്റമിൻ ഗുളികകളും കാറിൽ കടത്തുന്നതിനിടെ വാടിക്കൽ സ്വദേശികളായ പി.എം.മുഹമ്മദ്സവാദ്(24), യു.കെ. ഷബീർ (25), ഇ.കെ.ഷമിൽ (25),മുഹമ്മദ്നാസീക് അലി (24) എന്നിവരെ പിടികൂടിയത്.