കണ്ണൂർ പാറ്റാകുളത്ത് പൊട്ടക്കിണറ്റിൽ വീണ പശുക്കുട്ടിയുടെ ഒരു കൊമ്പൊടിഞ്ഞു ; രക്ഷകരായി ഫയർ ഫോഴ്സ്

09:30 AM Aug 26, 2025 | Neha Nair

തളിപ്പറമ്പ് : അബദ്ധത്തിൽ കിണറ്റിൽ വീണ പശുക്കുട്ടിയെ ഫയർഫോഴ്സ് സാഹസികമായി രക്ഷപ്പെടുത്തി. തിങ്കളാഴ്ച്ച വൈകുന്നേരം മൂന്നരയ്ക്ക് വെള്ളാട് പാറ്റാകുളത്താണ് സംഭവം നടന്നത്. ബിനു എന്നയാളുടെ പശുക്കുട്ടിയാണ് കെട്ടിയിരിക്കുന്ന കയർ അഴിച്ചപ്പോൾ ഓടി റബ്ബർതോട്ടത്തിനകത്തെ പൊട്ടക്കിണറിൽ വീണത്.

പടവുകളില്ലാത്തകിണറിന് ഇരുപതടിയിലെറെ ആഴമുണ്ട്. അഞ്ചടിയിലേറെ വെള്ളമുണ്ടായിരുന്ന കിണറിൽ പെപ്പുകളും ഹോസുകളും ഉണ്ടായിരുന്നു. വീഴ്ച്ചയിൽ ഇതിൽകുടുങ്ങിയ പശുക്കുട്ടിഅവശനിലയിലായി.വിവരമറിഞ്ഞ് തളിപ്പറമ്പ് അഗ്നിശമനനിലയത്തിൽ നിന്നും സീനിയർ ഫയർആന്റ് റസ്‌ക്യൂ ഓഫീസർ വിജയകുമാറിന്റെ നേതൃത്വത്തിലെത്തിയ സംഘത്തിലെ ഫയർ ആന്റ് റെസ്‌ക്യൂ ഓഫീസർ കെ.വി.അനൂപാണ് കിണറിനകത്തേക്കിറങ്ങി പശുക്കുട്ടിയെ കരയിലേക്ക് കയറ്റിയത്.

വീഴ്ച്ചയിൽ പശുക്കുട്ടിയുടെ ഒരു കൊമ്പ് ഒടിഞ്ഞുപോയിരുന്നു. സ്ഥലത്തെത്തിയ വെറ്റിനറി സർജൻ ആവശ്യമായ ചികിത്സകൾ നൽകി. ഫയർ ആന്റ് റെസ്‌ക്യൂ ഓഫീസർ ഡ്രൈവർ രാജീവൻ, അഭിനേഷ്, ഹോംഗാർഡുമാരായ സജീന്ദ്രൻ, അനൂപ് എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.