വിവാഹശേഷവും തുടർന്ന സൗഹൃദം, മകളെ സ്വന്തം വീട്ടിലാക്കാൻ നിർദേശിച്ച് ലോ‍ഡ്ജിലേക്ക് വിളിച്ചുവരുത്തി; 2 ലക്ഷം വാങ്ങിയ ശേഷം അരുംകൊല

09:34 AM Aug 26, 2025 |



മൈസൂരു: ലോഡ്ജ് മുറിയില്‍ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കര്‍ണാടകയിലെത്തി പ്രതിയെ ചോദ്യം ചെയ്ത്  കേരള പോലീസ്. കണ്ണൂര്‍ ജില്ലയില്‍ ഇരിക്കൂറിലെ പുള്ളിവേട്ടയ്‌ക്കൊരു മകന്‍ ക്ഷേത്രത്തിനു സമീപം കെ.സി. സുമയുടെ മകന്‍ സുഭാഷിന്റെ ഭാര്യ ദര്‍ശിതയെ (23) ആണ് കര്‍ണാടകയിലെ സാലിഗ്രാമത്തിലെ ലോഡ്ജില്‍ ഞായറാഴ്ച വൈകീട്ട് കൊല്ലപ്പെട്ട നിലയില്‍ കണ്ടത്.

സംഭവത്തില്‍ ആണ്‍സുഹൃത്ത് കര്‍ണാടക പെരിയപ്പട്ടണം സ്വദേശി സിദ്ധരാജുവിനെ (28) സാലിഗ്രാമം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സുഭാഷ് വിദേശത്താണ് ജോലി ചെയ്യുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ ഇരിക്കൂറിലെ ഭര്‍ത്താവിന്റെ വീട്ടില്‍നിന്ന് 30 പവനും അഞ്ച് ലക്ഷം രൂപയുമെടുത്താണ് യുവതി രണ്ടര വയസ്സുള്ള മകളേയുംകൂട്ടി സ്വന്തം നാടായ കര്‍ണാടകയിലെത്തുന്നത്. മകളെ സ്വന്തം വീട്ടിലാക്കി യുവതി സിദ്ധരാജുവിനൊപ്പം മൈസൂരിലെത്തുകയായിരുന്നു. ഇരിക്കൂറിലെ വീട്ടില്‍ നടന്ന മോഷണക്കേസ് അന്വേഷിക്കുന്നതിനാണ് കേരള പോലീസ് തിങ്കളാഴ്ച കര്‍ണാടകയിലെത്തി സിദ്ധരാജുവിനെ ചോദ്യം ചെയ്തത്. 

ഇരിട്ടി ഡിവൈഎസ്പി പി.കെ. ധനഞ്ജയബാബു, ഇരിക്കൂര്‍ സിഐയുടെ ചുമതലയുള്ള കെ.ജെ. വിനോയ്, ഡിവൈഎസ്പിയുടെ സ്‌ക്വാഡംഗങ്ങളായ എ.എം. സിജോയ്, കെ.ജെ. ജയദേവന്‍, പി. രതീഷ്, കെ.പി. നിജീഷ്, വി. ഷാജി എന്നിവരാണ് കര്‍ണാടകയിലെത്തി പ്രതിയെ ചോദ്യം ചെയ്തത്.

സിദ്ധരാജുവും യുവതിയും അയല്‍വാസികളായിരുന്നു. കഴിഞ്ഞ ഏഴുവര്‍ഷമായി ഇരുവരും സൗഹൃദത്തിലായിരുന്നു. സുഭാഷുമായുള്ള വിവാഹശേഷവും ഇവര്‍ തമ്മിലുള്ള സൗഹൃദം തുടരുകയായിരുന്നു. ഭര്‍ത്തൃവീട്ടില്‍നിന്നു പണം മോഷ്ടിച്ച വിവരം ദര്‍ശിത, സിദ്ധരാജുവിനെ അറിയിച്ചു. പണവുമായി കര്‍ണാടകയിലെത്താന്‍ സിദ്ധരാജുവാണ് യുവതിയോട് പറഞ്ഞത്. യുവതി രണ്ടുലക്ഷം രൂപ തനിക്ക് തന്നതായി സിദ്ധരാജു പോലീസിനോട് പറഞ്ഞു. ഈ പണം സാലിഗ്രാം പോലീസ് ലോഡ്ജ് മുറിയില്‍നിന്ന് കണ്ടെത്തിയിരുന്നു. ബാക്കി പണവും സ്വര്‍ണവും യുവതി സ്വന്തംവീട്ടില്‍ സൂക്ഷിച്ചിരിക്കാനാണ് സാധ്യതയെന്ന് പോലീസ് അറിയിച്ചു.

പെരിയപ്പട്ടണത്ത് സ്വന്തമായി ഇലക്ട്രിക്കല്‍ ആന്‍ഡ് ഹാര്‍ഡ്വേര്‍ കട നടത്തുകയാണ് സിദ്ധരാജു. എന്നാല്‍, ലോഡ്ജ് മുറിയില്‍വെച്ച് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും കൊലയില്‍ കലാശിക്കുകയുമായിരുന്നു.

യുവതിയുടെ വായില്‍ ഇലക്ട്രിക് ഡിറ്റനേറ്റര്‍ വെച്ച് പൊട്ടിച്ചാണ് കൊലപ്പെടുത്തിയത്. ഉടന്‍ പുറത്തുകടന്ന സിദ്ധരാജു മുറി പുറത്തുനിന്ന് പൂട്ടുകയായിരിന്നെന്ന് പോലീസ് അറിയിച്ചു. ഡിറ്റനേറ്റര്‍ പൊട്ടിത്തെറിച്ച് യുവതിയുടെ മുഖം വികൃതമായ നിലയിലായിരുന്നു. പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കിയ ദര്‍ശിതയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.