കണ്ണൂർ : ദേശീയപാത മാതൃകയിൽ നഷ്ടപരിഹാരം നൽകാതെ വിമാനത്താവള റോഡിന് സ്ഥലം വിട്ടുനൽകില്ലെന്ന് ഭൂഉടമകളുടെ ആക്ഷൻ കമ്മിറ്റി കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 2017 സർക്കാർ ഉത്തരവിലൂടെ ഏറ്റെടുത്ത കണ്ണൂർ വിമാനത്താവള കണക്ടിവിറ്റി റോഡുകൾക്ക് ഏറ്റെടുക്കുന്ന സ്ഥലത്തിനും നിർമിതികൾക്കും ദേശീയപാത മാതൃകയിൽ നഷ്ടപരിഹാരം നൽകണമെന്ന് മാനന്തവാടി മട്ടന്നൂർ കണ്ണൂർ വിമാനത്താവള റോഡ് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ ആവശ്യപ്പെട്ടു.
നഷ്ടപരിഹാരം നൽകുന്നതിൽ ഉണ്ടാകുന്ന കാലതാമസം അംഗീകരിക്കാനാവില്ല. മാനന്തവാടി ഗാന്ധി പാർക്കിൽ നിന്നാ രാഭിച്ച് കൊട്ടിയൂർ, കേളകം, കണിച്ചാർ, മാലൂർ, ശിവപുരം വഴി കണ്ണൂർ വിമാനത്താവളത്തിൽ എത്തിച്ചേരുന്ന റോഡിന് ഏറ്റെടുക്കുന്ന ഭൂമിയിൽ 2568 കുടുംബങ്ങൾ ഉൾപ്പെടുന്നുണ്ട്. 639 കുടുംബങ്ങളുടെ വീട് പൂർണമായി പൊളിച്ച് മാറ്റേണ്ടി വരും. 84. 96 ഹെക്ടർ ഭൂമിയിലാണ് കുറ്റിയിട്ടിരിക്കുന്നത്. വികസനത്തിന് വേണ്ടി സ്ഥലവും വീടും വിട്ടു നൽകാൻ തയ്യാറാണ്. എന്നാൽ നഷ്ടപരിഹാരം കാലതാമസം കൂടാതെ ലഭ്യമാക്കണം.
വീടുകൾക്കും ചമയങ്ങൾക്കും കാലപ്പഴക്കം കണക്കാക്കിയാണ് നഷ്ടപരിഹാരം നൽകുന്നതെങ്കിൽ ഞങ്ങളുടെ വസ്‌തുവിൽ പ്രവേശിക്കുവാൻ അനുവദിക്കില്ല. സമയബന്ധിതമായി നഷ്ടപരിഹാരം നൽകി റോഡ് നിർമ്മാണം പൂർത്തിയാ ക്കി കണ്ണൂർ വിമാനത്താവളം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ സർക്കാർ അടിയന്തരമായി ഇടപെടണം.
ഈ വിഷയത്തിൽ മുഖ്യമന്ത്രി, പൊതുമരാമത്ത് മന്ത്രി, റവന്യൂ മന്ത്രി, കളക്ടർ, കെ.ആർ.എഫ്.ബി റവന്യൂ എന്നിവർക്ക് നിരവധി തവണ നിവേദനം നൽകിയിട്ടുണ്ട്. വരുന്ന ഒന്നാം തീയ്യതി കണ്ണൂരിലെത്തുന്ന റവന്യു മന്ത്രിയെ ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ നേരിട്ടു കണ്ടു വിഷയം അവതരിപ്പിക്കും.
കുറ്റിയടിച്ച പ്രദേശത്ത് ഭൂമി വിൽപ്പന നടത്തുന്നതിനോ പുതിയ വീടുകൾ വയ്ക്കുന്നതിനോ, ബാങ്ക് വായ്‌പകൾ എടുക്കുന്നതിനോ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. പ്രശ്‌ന പരിഹാരമായില്ലായെങ്കിൽ പ്രത്യക്ഷ സമരപരി പാടികളുമായി മുന്നോട്ടുപോകുമെന്നും ഭാരവാഹികൾ അറിയിച്ചു.
വാർത്താ സമ്മേളനത്തിൽ ചെയർമാൻ ജോണി പാമ്പാടി,കൺവീനർ ജിൻസ് എം മേക്കൽ, ഗ്രീകുമാർ കൂടത്തിൽ, എൽ വി ജേക്കബ്, കെ പവിത്രൻ എന്നിവർപങ്കെടുത്തു.