ഓണത്തിന് മുമ്പ് മുഴുവൻ ശമ്പളവും കൊടുത്തു തീർക്കുമെന്ന ചെയർമാന്റെ ഉറപ്പ് പാഴായി: കൈത്തറി വികസന കോർപ്പറേഷൻ ജീവനക്കാർക്ക് ഓണത്തിന് പട്ടിണി മാത്രം

12:30 PM Sep 04, 2025 | AVANI MV

കണ്ണൂർ: കേരള സംസ്ഥാന കൈത്തറി വികസന കോർപ്പറേഷൻ (ഹാൻ വീവ് | ജീവനക്കാർക്ക് ഈ ഓണത്തിനും ശമ്പളമില്ല.നിലവിൽ മൂന്നുമാസത്തെ ശമ്പളം കുടിശ്ശികയായ ജീവനക്കാർക്ക് ഓണത്തിനും ശമ്പളം ലഭിക്കാതെ വന്നതോടെ ജീവനക്കാർക്ക് മാനേജ്മെന്റിൽ ഉള്ള വിശ്വാസം പൂർണ്ണമായും നഷ്ടപ്പെട്ടിരിക്കുകയാണ്. ഓണത്തിന് മുമ്പ് മുഴുവൻ ശമ്പളവും കൊടുത്തു തീർക്കുമെന്ന ചെയർമാൻ ടി.കെ ഗോവിന്ദൻ്റെഉറപ്പ് പാഴായി. ഇതോടെ ഓണ നാളിൽ പട്ടിണി കിടക്കേണ്ട അവസ്ഥയിലാണ് ജീവനക്കാരും തൊഴിലാളികളും.


സർക്കാറിന്റെ കൈത്തറി സ്കൂൾ യൂണിഫോം ഉൽപാദന വിതരണ രംഗത്ത് മുഖ്യ പങ്കാളിത്തം വഹിച്ച ഹാൻവീവ്  ജീവനക്കാരെ ഓണക്കാലത്ത് പട്ടിണിയിലാക്കിയ മാനേജ്മെന്റിനും സർക്കാറിനും എതിരെ ജീവനക്കാർ കടുത്ത പ്രതിഷേധമുയരുന്നുണ്ട്. സർവ്വ മേഖലയിലും ഒരേ വ്യക്തിക്ക് തന്നെ പുറം കരാർ നൽകുകയും ആവശ്യമായ വസ്തുക്കൾ  ഉല്പാദകരിൽ നിന്നെടുക്കാതെ മേൽ വ്യക്തികളെ ഇടനിലക്കാരാക്കുന്നതും സ്ഥാപനത്തിന് വലിയ ബാധ്യതയായതായി ജീവനക്കാർക്കിടയിൽ സംസാരമുണ്ട്. ഇത്തരം അഴിമതികളും കെടുകാര്യസ്ഥതയും സർക്കാറിന് സ്ഥാപനത്തോടുള്ള വിവേചനവും ശമ്പള പ്രതിസന്ധിക്ക് ആഴം കൂട്ടിയിരിക്കുകയാണെന്ന് ജീവനക്കാർ പറഞ്ഞു.