മാവേലിയായി മിന്നിത്തിളങ്ങി സി.ടി ബൈജേഷ് : ഇക്കുറിയും പൊളിച്ചു

07:18 PM Sep 05, 2025 | AVANI MV

പെരളശേരി : വർഷങ്ങളായി ഉത്രാടം നാളിൽ മാവേലി തമ്പുരാനായി തകർത്താടുകയാണ് പെരളശേരി മുണ്ടലൂരിലെ സി.ടി ബൈജേഷെന്ന യുവാവ്. നല്ല തടിയും പൊക്കവും കുടവയറുമുള്ള ആജാനുബാഹുവായ ശരീര പ്രകൃതിയും തെളിഞ്ഞ ചിരിയുമാണ് സി.ടി. ബൈജേഷിൻ്റെ മാവേലിയെ വ്യത്യസ്തനാക്കുന്നത്.

 ഉത്രാടം നാളിൽ മാമൻ സ്മാരക സാംസ്കാരിക കേന്ദ്രം നടത്തിയ പൂക്കള മത്സരത്തിൽ വിധി കർത്താക്കളോടൊപ്പം വീടുകൾ കയറിയിറങ്ങാൻ സി.ടി. ബൈജേഷിൻ്റെ മാവേലിയുമുണ്ടായിരുന്നു. വീട്ടുകാരും നാട്ടുകാരും ബൈജേഷിൻ്റെ മാവേലിക്കൊപ്പം ഫോട്ടോയെടുക്കാനും സെൽഫിയെടുക്കാനും മത്സരിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.വി ജയരാജൻ്റെ മാനവീയമെന്ന വീട്ടിലുൾപ്പെടെ മാവേലി ഓണപ്പൂക്കളം സന്ദർശിക്കാനെത്തി. എം.വി ജയരാജനുമായി കുശലം പറഞ്ഞ് സൗഹൃദം പങ്കിട്ടാണ് മടങ്ങിയത്. 

പരേതനായ ബാലകൃഷ്ണൻ - പെരളശേരി ക്ഷേത്രം ജീവനക്കാരി സി.ടി. നിർമ്മലയുടെയും മകനാണ് ബൈജേഷ്. ഭാര്യ: അശ്വതി. കോൺക്രീറ്റ് കരാർ ജോലിക്കാരനാണ് മുൻ പ്രവാസി കൂടിയായ ബൈജേഷ്. ധർമ്മടം മേലൂരിൽ താമസിക്കുന്ന സി.ടി ബേബിയാണ് സഹോദരി.