തിരുവോണ നാളിൽ ജൈവ വൈവിധ്യ ഭൂമിയാം കണ്ണൂർ മാടായിപ്പാറയിൽ പ്രകടനവും പൊതുയോഗവും: 30 വിദ്യാർത്ഥിനി സംഘടനാ പ്രവർത്തകർക്കെതിരെ പൊലിസ് കേസെടുത്തു

01:12 PM Sep 06, 2025 | Desk Kerala

കണ്ണൂർ/ പഴയങ്ങാടി : അനുമതിയില്ലാതെ മാടായി ജൈവ പരിസ്ഥിതി പ്രദേശത്ത് സംഘം ചേർന്ന് പ്രകടനവും പൊതുയോഗവും നടത്തിയത് വിദ്യാർത്ഥിനി സംഘടനാ പ്രവർത്തകർക്കെതിരെ കേസെടുത്തു. ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷൻ്റെ 30 പ്രവർത്തകർക്കെതിരെയാണ് പഴയങ്ങാടി പൊലിസ് കേസെടുത്തത്. 

സംഘടനയുടെ നേതാവായ അഫ്റ ശിഹാബിൻ്റെ നേതൃത്വത്തിൽ തിരുവോണ ദിവസമായ ഇന്നലെ രാവിലെ കൊടികളും ബാനറുകളുമായി അനുമതിയില്ലാതെ മാടായിപ്പാറ ദേവസ്വം ഭൂമിയിൽ കയറി ജൈവവൈവിധ്യങ്ങളെ നശിപ്പിക്കുന്ന വിധത്തിൽ പാലസ്തീൻ അനുകൂല പ്രകടനം നടത്തിയെന്ന പരാതിയിലാണ് പൊലിസ് കേസെടുത്തത്. 

പൊതു പരിപാടികൾക്ക് വിലക്കുള്ള സ്ഥലങ്ങളിലൊന്നാണ് മാടായിപ്പാറ. വാഹനങ്ങൾ കയറ്റുന്നതും പഴയങ്ങാടി പൊലിസ് വിലക്കിയിട്ടുണ്ട്. എന്നാൽ മുന്നറിയിപ്പ് അവഗണിച്ച് നിരവധി വാഹനങ്ങളാണ് ഇക്കുറിയും ഓണം നാളുകളിലെത്തിയത്. വിദ്യാർത്ഥി സംഘടനയുടെ പരിപാടിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് പൊലിസ് അന്വേഷണമാരംഭിച്ചത്.