കണ്ണൂർ: വ്യാജ വായ്പാ തട്ടിപ്പ് കേസിൽ അറസ്റ്റിലായ സി പി എം നിയന്ത്രണത്തിലുള്ള ആയിക്കരമത്സ്യതൊഴിലാളി സഹകരണ സംഘത്തിലെ മുൻ സെക്രട്ടറിയെ റിമാൻഡ് ചെയ്തു. പൊലിസ് അറസ്റ്റുചെയ്തുകണ്ണൂർ കോടതിയിൽ ഹാജരാക്കിയ കുറ്റാരോപിതയെ റിമാൻഡ് ചെയ്യുകയായിരുന്നു.കണ്ണൂർ സിറ്റിമരക്കാർകണ്ടി യിലെ ശ്രീ സാന്ദ്രത്തിലെ എൻ സുനിത യെയാണ് (45) കണ്ണൂർ സിറ്റി പോലീസ് ഇൻസ്പെക്ടർ സനൽകുമാറിന്റെ നിർദേശപ്രകാരം എസ്ഐ രേഷ്മ കെ കെ യുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തു കോടതിയിൽ ഹാജരാക്കിയത്. വ്യാജവായ്പ നൽകി കോടികളുടെ തട്ടിപ്പാണ് മത്സ്യ തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സംഘത്തിൽ നടന്നത്.
നല്ല നിലയിൽ പ്രവർത്തിച്ച സംഘത്തിൽ മരിച്ചവരെ പോലും ജാമ്യക്കാരാക്കി വൻ വായ്പാ തട്ടിപ്പാണ് നടത്തിയത്.വ്യാജമായി സൃഷ്ടിച്ച ചില സേവിങ്സ് അക്കൗണ്ടുകൾ വഴി കോടിക്കണക്കിന് രൂപയുടെ ഇടപാടുകളാണ് നടന്നത്. സംഘത്തിൽ ലഭിച്ചിരുന്ന പണം പുറത്തേക്ക് കടത്താനായി വ്യാജ സേവിംഗ്സ് അക്കൗണ്ടുകൾ ഉപയോഗിക്കുകയാണ് ചെയ്തത്. സംഘത്തിൽ വലിയ തുകകൾ സ്ഥിരനിക്ഷേപമായി ലഭിച്ചിരുന്ന ദിവസങ്ങളിൽ മേൽ തുകകൾ അക്കൗണ്ട് ഉടമകൾ അറിയാതെ പിൻവലിക്കുകയാണ് ചെയ്തത്.
സെക്രട്ടറിയായിരുന്ന സുനിതയെ സസ്പെൻഡ് ചെയ്യുന്നതിന് തൊട്ടു മുൻപുള്ള ദിവസങ്ങളിൽ വരെ ഇത്തരം ഇടപാടുകൾ നടന്നു. രണ്ടായിരത്തിലധികം മത്സ്യ തൊഴിലാളികൾ അംഗങ്ങളായുള്ള സൊസൈറ്റിയിൽ നിക്ഷേപം നടത്തിയവരിൽ കേസുമായി എത്തിയതോടെയാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. എസ്ഐ രാജീവൻ,എഎസ്ഐ അജിത, എസ് സി പി ഒ മഹേഷ് സി പി ഒ മിഥുൻ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. മത്സ്യ തൊഴിലാളികളുടെ പേരിൽ നടന്ന സൊസൈറ്റി തട്ടിപ്പിനെ തുടർന്ന് സി.പി.എം പ്രതിരോധത്തിലായിരിക്കുകയാണ്.