+

കണ്ണൂർ ജില്ലക്ക് മികച്ച നേട്ടം; ജില്ലയിലെ 97.5% കുട്ടികളും പോളിയോ തുള്ളി മരുന്നെടുത്തു

സബ് നാഷണൽ പൾസ് പോളിയോ ഇമ്മുണൈസേ ഷൻ പ്രോഗ്രാം-ഒക്ടോബർ 2025 ന്റെ ഭാഗമായി കണ്ണൂർ ജില്ലയിൽ പോളി യോ തുള്ളി മരുന്ന് നൽകിയ കുട്ടികളുടെ എണ്ണം 1,56,802 ആയി

കണ്ണൂർ : സബ് നാഷണൽ പൾസ് പോളിയോ ഇമ്മുണൈസേ ഷൻ പ്രോഗ്രാം-ഒക്ടോബർ 2025 ന്റെ ഭാഗമായി കണ്ണൂർ ജില്ലയിൽ പോളി യോ തുള്ളി മരുന്ന് നൽകിയ കുട്ടികളുടെ എണ്ണം 1,56,802 ആയി. പൾസ് പോളിയോ ദിനമായ  ഞായറാഴ്ച 1,35,295 കുട്ടികൾക്ക് പോളിയോ തുള്ളി മരുന്ന് നൽകിയിരുന്നു. പിന്നീടുള്ള രണ്ടു ദിവസങ്ങളിൽ ആരോഗ്യ പ്രവർത്തകർ വീട്ടിലെത്തിയാണ് 21507 പേർക്ക് കൂടി പോളിയോ തുള്ളി മരുന്ന് നൽകിയത്.  ആരോഗ്യവകുപ്പിന്റെ കണക്ക് പ്രകാരം   നിലവിൽ ജില്ലയിലെ അഞ്ച് വയസിൽ താഴെയുള്ള കുട്ടികളുടെ എണ്ണം, 160675  ആണ്.   ഇതോടെ കണ്ണൂർ ജില്ലയിൽ   അഞ്ച് വയസ്സിൽ താഴെയുള്ള 97.5% കുട്ടികളും പോളിയോ തുള്ളി മരുന്ന് എടുത്തു. ജില്ലയിൽ 2087 ബൂത്തുകളാണ് ഇത്തവണ സജ്ജീകരിച്ചിരുന്നത്. 

സർക്കാർ ആശുപത്രികൾ സ്വകാര്യ ആശുപത്രികൾ അംഗണവാടികൾ ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ എന്നിവ കൂടാതെ ബസ് സ്റ്റാൻഡുകൾ റെയിൽവേ സ്റ്റേഷനുകൾ  എന്നിവിടങ്ങളിലായി  ട്രാൻസിറ്റ് ബൂത്തുകളും ആളുകൾക്ക് എത്തിച്ചേരാൻ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിലും ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളിലും കുട്ടികൾക്ക് തുള്ളിമരുന്ന് നൽകുന്നതിനായി മൊബൈൽ ബൂത്തുകളും സജ്ജമാക്കിയിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വിവിധ വകുപ്പുകൾ, റോട്ടറി ഇന്റർനാഷണൽ സന്നദ്ധ സംഘടനകൾ എന്നിവരുടെ പൂർണ്ണ സഹകരണത്തോടെ ആരോഗ്യവകുപ്പിലെ മുഴുവൻ ജീവനക്കാരുടെയും കൂട്ടായ ശ്രമഫലമായാണ്   പൾസ് പോളിയോ പരിപാടി ജില്ലയിൽ വൻ വിജയമാകാൻ സഹായിച്ചത്. 

ജില്ലാ മെഡിക്കൽ ഓഫീസിൽ പൾസ് പോളിയോ പരിപാടിയുടെ അവലോകന യോഗം ജില്ലാ മെഡിക്കൽ ഓഫീസറുടെ അധ്യക്ഷതയിൽ ചേർന്ന്  പുരോഗതി വിലയിരുത്തി.ആരോഗ്യ വകുപ്പ് ഡയറക്ടർ എ പി ദിനേശ്, ജില്ലയിലെ വിവിധ പ്രോഗ്രാം ഓഫീസമാർ എന്നിവർ പങ്കെടുത്തു.പൾസ് പോളിയോ തുള്ളി മരുന്ന് വിതരണം വിജയകരമാക്കാൻ പരിശ്രമിച്ച എല്ലാവരെയും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പീയുഷ് എം നമ്പൂതിരിപ്പാട്  അഭിനന്ദിച്ചു.

facebook twitter