കണ്ണൂർ: എംവിആർ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിൻറെ ഈ വർഷത്തെ എംവിആർ പുരസ്കാരത്തിന് മുതിർന്ന സിപിഎം നേതാവ് എസ്. രാമചന്ദ്രൻ പിള്ള അർഹനായി. നവംബർ ഒന്പതിന് രാവിലെ പത്തിന് ചേംബർ ഹാളിൽ നടക്കുന്ന എംവിആർ അനുസ്മരണ ചടങ്ങിൽ സിപിഎം അഖിലേന്ത്യാ ജനറൽ സെക്രട്ടറി എം.എ. ബേബി പുരസ്കാര സമർപ്പണം നടത്തുമെന്നു എംവിആർ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനും അവാർഡ് ജൂറി അധ്യക്ഷനുമായ മുൻ എംപിപാട്യം രാജൻ പത്രസമ്മേളനത്തിൽ അറിയിച്ചു. ഒരു ലക്ഷം രൂപയും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. രാജ്യത്ത് കർഷക തൊഴിലാളി പ്രസ്ഥാനങ്ങൾ കെട്ടിപ്പടുക്കുന്നതിൽ നേതൃപരമായ പങ്ക് വഹിക്കുകയും കാർഷിക മേഖലയിലെ അവകാശ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്ത പ്രവർത്തനങ്ങൾ പരിഗണിച്ചാണ് എസ്. രാമചന്ദ്രൻ പിള്ളയെ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്.
എംവിആർ അനുസ്മരണ സമ്മേളനത്തിൽ മാറുന്ന ഇന്ത്യയിലെ ഇടതുപക്ഷം എന്ന വിഷയത്തിൽ സിപിഎം അഖിലേന്ത്യാ ജനറൽ സെക്രട്ടറി എം.എ. ബേബി പ്രഭാഷണം നടത്തും. ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്, രാഷ്ട്രീയ-സാമൂഹ്യ സാംസ്കാരിക മേഖലയിലെ പ്രമുഖർ പങ്കെടുക്കും. . ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്, രാഷ്ട്രീയ-സാമൂഹ്യ സാംസ്കാരിക മേഖലയിലെ പ്രമുഖർ പങ്കെടുക്കും.കാൻസർ ചികിത്സകൻ ഡോ. വി.പി. ഗംഗാധരൻ, പദ്മശ്രീ പി.ആർ. കൃഷ്ണകുമാർ, മുൻമന്ത്രി ഡോ. തോമസ് ഐസക്, മുഹമ്മദ് യൂസുഫ് തരിഗാമി, ഹന്നൻമുള്ള, മാധ്യമപ്രവർത്തകർ രാജ്ദീപ് സർദേശായി, സീതാറാം യെച്ചൂരി (മരണാനന്തര ബഹുമതി) എന്നിവരാണ് മുൻകാലങ്ങളിൽ എംവിആർ പുരസ്കാരത്തിന് അർഹരായവർ. അനുസ്മരണ സമ്മേളനത്തിന് മുന്നോടിയായി രാവിലെ ഒന്പതിന് പയ്യാന്പലത്തെ എംവിആർ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടക്കും.
പുഷ്പാർച്ചനയിൽ പാട്യം രാജൻ, എം.കെ. കണ്ണൻ, പാർട്ടി നേതാക്കൾ, പ്രവർത്തകർ, എംവിആറിൻറെ കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ പറഞ്ഞു. സിഎംപിയുടെ നേതൃത്വത്തിൽ കണ്ണൂർ നഗരത്തിൽ എംവിആറിൻറെ പ്രതിമ സ്ഥാപിക്കുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് എംവിആറിനെ സ്നേഹിക്കുന്നവർ പ്രതിമ സ്ഥാപിക്കുന്നതിൽ സന്തോഷമേയുള്ളൂവെന്നായിരുന്നു മറുപടി. പത്രസമ്മേളനത്തിൽ പ്രഫ. ഇ. കുഞ്ഞിരാമൻ, സി.വി. ശശീന്ദ്രൻ, പി.വി.വത്സൻ എന്നിവരും പങ്കെടുത്തു.