+

സിപിഎമ്മിന്റെ ചട്ട ലംഘനങ്ങൾ കണ്ണൂർ കോർപ്പറേഷൻ അധികൃതർ കണ്ടില്ലെന്ന് നടിക്കുന്നു: കെ.കെ. വിനോദ് കുമാർ

സിപിഎമ്മിന്റെ പുതിയ ഓഫീസ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കണ്ണൂർ നഗരത്തിൽ ചട്ടങ്ങൾ കാറ്റിൽ പറത്തിക്കൊണ്ട് ഉയർത്തിയ കൊടി തോരണങ്ങളും പ്രചാരണ സാമഗ്രികളും കോർപ്പറേഷൻ

കണ്ണൂർ: സിപിഎമ്മിന്റെ പുതിയ ഓഫീസ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കണ്ണൂർ നഗരത്തിൽ ചട്ടങ്ങൾ കാറ്റിൽ പറത്തിക്കൊണ്ട് ഉയർത്തിയ കൊടി തോരണങ്ങളും പ്രചാരണ സാമഗ്രികളും കോർപ്പറേഷൻ അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് ബിജെപി കണ്ണൂർ നോർത്ത് ജില്ലാ അധ്യക്ഷൻ കെ.കെ. വിനോദ് കുമാർ  ആരോപിച്ചു. പൊതുസ്ഥലങ്ങളിൽ കൊടി തോരണങ്ങളും പ്രചാരണ സാമഗ്രികളും ഉയർത്തണമെങ്കിൽ അധികൃതരുടെ മുൻകൂർ അനുമതി വേണമെന്ന് ബഹുമാനപ്പെട്ട കോടതി തന്നെ വ്യക്തമാക്കിയതാണ്.

എന്നാൽ മുൻകൂട്ടി ഒരു അനുമതിയും വാങ്ങാതെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന പരിപാടിയുടെ ഭാഗമായുള്ള കൊടി തോരണങ്ങൾ കണ്ണൂർ നഗരത്തിൽ ഉയർത്തിയിട്ടുള്ളത്. ഇതിൽ നിരോധിത പ്ലാസ്റ്റിക്കുകളും ഫ്ലക്സുകളും ഉൾപ്പെടെ ഉണ്ടെന്നുള്ളത് ആശങ്ക ഉണ്ടാക്കുന്നതാണ്. ഇത്തരത്തിലുള്ള നിയമലംഘനങ്ങൾ നടത്തിയാൽ കോർപ്പറേഷൻ അധികൃതർ തന്നെ നേരിട്ട് എത്തി ഇത്തരം പ്രചാരണ സാമഗ്രികൾ അഴിച്ചു മാറ്റുകയാണ് പതിവ് . അതോടൊപ്പം തന്നെ അനുമതി വാങ്ങിയിട്ടില്ലെങ്കിൽ പിഴ ഈടാക്കുകയും ചെയ്യാറുണ്ട്. 

കോടതി ഉത്തരവിന്റെ പേരും പറഞ്ഞ് ബിജെപിയുടെ പ്രചരണസാമഗ്രികൾ പലതവണയായി കോർപ്പറേഷൻ അധികൃതർ  നീക്കം ചെയ്തിരുന്നു. ഹരിത പെരുമാറ്റച്ചട്ടം ലംഘിച്ചാണ് ഇപ്പോൾ ബോർഡുകളും ഉയർത്തിയിരിക്കുന്നത്. ഈ ലംഘനങ്ങൾക്ക് മുഖ്യമന്ത്രിയുടെ ഫോട്ടോ തന്നെയാണ് ഉപയോഗിച്ചിട്ടുമുള്ളത്.

എന്നാൽ സിപിഎമ്മിന്റെ മാടമ്പി രാഷ്ട്രീയത്തിൽ ഭയം പൂണ്ട കോൺഗ്രസ് നേതൃത്വം നൽകുന്ന കോർപ്പറേഷൻ ഭരിക്കുന്ന  യുഡിഎഫ് നടപടി സ്വീകരിക്കാൻ വിമുഖത കാട്ടുകയാണ്. ബിജെപിയുടെ കൊടി തോരണങ്ങൾ പലതവണയായി നീക്കം ചെയ്ത കോർപ്പറേഷൻ അധികൃതർ,  അനുമതിയില്ലാതെ കൊടി തോരണങ്ങൾ ഉയർത്തിയതിലും നിരോധിത പ്ലാസ്റ്റിക്കുകൾ ഉപയോഗിച്ചതിലും സിപിഎമ്മിനെതിരെ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും കെ കെ വിനോദ് കുമാർ ആവശ്യപ്പെട്ടു.

facebook twitter