തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്: കണ്ണൂർ മുഴപ്പിലങ്ങാട് ഗ്രാമ പഞ്ചായത്തിൽ മുഴുവൻ സീറ്റിലും മത്സരിക്കുമെന്ന് എസ്.ഡി.പി.ഐ, ഇഞ്ചോടിഞ്ച് പോരാടാൻ എൽ.ഡി.എഫും യു.ഡി എഫും

07:58 PM Oct 19, 2025 | Desk Kerala

കണ്ണൂർ/ മുഴപ്പിലങ്ങാട് : ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ കണ്ണൂർ ജില്ലയിൽ ഏറ്റവും ശ്രദ്ധേയമാകുന്നത് മുഴപ്പിലങ്ങാട് ഗ്രാമ പഞ്ചായത്തിലെ ഭരണം പിടിക്കാനുള്ള പോരാട്ടം.എൽ.ഡി.എഫ് - യു.ഡി.എഫ് , മുന്നണികളും എസ്.ഡി.പി.ഐ യും ചേർന്ന് നടത്തുന്ന ഇഞ്ചോടിഞ്ച് മത്സരമാണ് ഇക്കുറിയും പ്രതീക്ഷിക്കപ്പെടുന്നത്. തീരദേശ പ്രദേശമായ പഞ്ചായത്തിൽ ഭരണം നിലനിർത്താൻ എൽ.ഡി.എഫും തിരിച്ചു പിടിക്കാൻ യു.ഡി.എഫും ഇരു മുന്നണികൾക്കിടെയിൽ മുന്നേറ്റമുണ്ടാക്കാൻ എസ്.ഡി.പി.ഐ യും വിയർപ്പൊഴുക്കും. ചില വാർഡുകളിൽ ബി.ജെ.പിയുടെ സാന്നിദ്ധ്യവും ഫലത്തെ സ്വാധീനിച്ചേക്കും.

ഇതിനിടെമുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിൽ മുഴുവൻ സീറ്റുകളിലും മത്സരിക്കാൻ എസ്.ഡി.പി.ഐതീരുമാനിച്ചിട്ടുണ്ട്. നിലവിൽ നാല് വാർഡ് മെംപർമാരാണ് പാർട്ടിക്കുളളത്. വാർഡ് വിഭജനത്താൽ 15 ൽ നിന്നും 17 വാർഡുകളായി ഉയർന്നത് കാരണം അംഗസംഖ്യ വർദ്ധിപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷയുണ്ടെന്ന് എസ്.ഡി.പി.ഐ നേതാക്കൾ പറയുന്നു.  ഒൻപതു വാർഡുകളിൽ വിജയിക്കുമെന്ന പ്രതീക്ഷയിലാണ് നേതാക്കൾ ' 'പഞ്ചായത്തിൻ്റെ പടിഞ്ഞാറൻ ഭാഗത്തെ വാർഡുകളിൽ പാർട്ടി ബ്രാഞ്ച് ഘടകത്തിൻ്റെ പ്രവർത്തനം ശക്തമാണ്. സംസ്ഥാന, ജില്ലാ നേതാക്കളുടെ മേൽനോട്ടത്തിൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ തുടങ്ങിയതായി പ്രാദേശിക നേതൃത്വം അറിയിച്ചു.

നിലവിൽ എൽ.ഡി.എഫാണ് മുഴപ്പിലങ്ങാട് ഗ്രാമ പഞ്ചായത്ത് ഭരിക്കുന്നത്. യു.ഡി.എഫിന് നല്ല സ്വാധീനമുള്ള ഗ്രാമ പഞ്ചായത്താണിത്.ഭരണ നേട്ടങ്ങൾ തുണയാകുമെന്ന് എൽ.ഡി.എഫ് പ്രതീക്ഷിക്കുമ്പോൾ ഭരണ വിരുദ്ധ വികാരവും വികസനമുരടിപ്പുമുയർത്തിയാണ് യു ഡി. എഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുക. ത്രികോണ മത്സരത്തിൽ ആരു ജയിക്കുമെന്ന ചോദ്യവും ഉയരുന്നുണ്ട്.

പഞ്ചായത്തിൻ തെരുവ് നായയുടെ കടിയേറ്റ് വിദ്യാർത്ഥി മരിച്ചതും ദേശീയപാത ബൈപ്പാസ് അണ്ടർപാസ് റോഡ് വിഷയവും വികസനമുരടിപ്പും ആരോപിച്ചാണ് യു.ഡി.എഫും എൽ.ഡി.എഫും രംഗത്തിറങ്ങുക. എന്നാൽ ഡ്രൈവ് ഇൻ ബീച്ചിൽ പൂർത്തിയായി വരുന്ന രണ്ടാം ഘട്ട വികസന പ്രവൃത്തികൾ, ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തൽ, അതിദാരിദ്ര്യമുക്തമാക്കുന്നതിലെ നേട്ടം, മത്സ്യ തൊഴിലാളികൾക്കുള്ള വികസന പദ്ധതികൾ എന്നിവ ഭരണപക്ഷമായ എൽ.ഡി.എഫും പ്രചരണായുധമാക്കും.