+

തളിപ്പറമ്പിൽ അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റേഡിയം യാഥാർഥ്യമാക്കും; മന്ത്രി വി അബ്ദുറഹിമാൻ

തളിപ്പറമ്പ് കില ആസ്ഥാനമാക്കി മുപ്പതിനായിരം പേരെ ഉൾക്കൊള്ളാവുന്ന, 52 കോടി രൂപയുടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫുട്ബോൾ സ്റ്റേഡിയം നിർമിക്കുമെന്ന് കായിക ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു.

തളിപ്പറമ്പ് : തളിപ്പറമ്പ് കില ആസ്ഥാനമാക്കി മുപ്പതിനായിരം പേരെ ഉൾക്കൊള്ളാവുന്ന, 52 കോടി രൂപയുടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫുട്ബോൾ സ്റ്റേഡിയം നിർമിക്കുമെന്ന് കായിക ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. ഇതിന്റെ നിർമാണ പ്രവൃത്തി ഡിസംബർ മാസത്തോടെ ആരംഭിക്കും. കല്ല്യാശ്ശേരി  കെ.പി.ആർ ഗോപാലൻ സ്മാരക ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ കായിക അടിസ്ഥാന സൗകര്യ വികസന പദ്ധതിയുടെ ഭാഗമായി നിർമ്മാണം പൂർത്തികരിച്ച ഫുട്ബോൾ ടർഫ്, സ്കൂൾ ഗ്രൗണ്ട്, ജിംനേഷ്യം കോർട്ട് എന്നിവ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കായിക വകുപ്പിന്റെ 40 ശതമാനം ഫണ്ടും ചെലവഴിച്ചത് സ്കൂൾ ഗ്രൗണ്ടുകൾ നിർമ്മിക്കാനാണെന്നും ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കേണ്ടത് അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. 

എം വിജിൻ എംഎൽഎ അധ്യക്ഷനായി.  അസിസ്റ്റന്റ് എഞ്ചിനീയർ അശ്വതി ജി കൃഷ്ണൻ റിപ്പോർട്ട്‌ അവതരിപ്പിച്ചു. 
 ഇ.കെ നായനാരുടെ പേരിൽ ആധുനിക നിലവാരത്തിൽ നിർമ്മിച്ച സിന്തറ്റിക് ടർഫ് ഗ്രൗണ്ടിൽ പ്രധാനമായും സിന്തറ്റിക് ഫുട്ബോൾ ടർഫ്, ഫ്ലഡ് ലൈറ്റ്, ഫെൻസിംഗ്, ഡ്രൈനേജ്, ഗ്യാലറി ബിൽഡിംഗ്, ശുചിമുറി, ഡ്രസിംഗ് റൂം,  ഇന്റർലോക്ക്, കോമ്പൗണ്ട് വാൾ എന്നിവയും ഭാവിയിലേക്ക് ജിംനേഷ്യം സൗകര്യങ്ങളും  ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനായി സംസ്ഥാന സർക്കാർ മൂന്ന് കോടി രൂപയാണ് അനുവദിച്ചത്. വിദ്യാർഥികൾക്കും കായിക പ്രേമികൾക്കും ഏറെ ഗുണകരമാകുന്ന മൈതാനം സ്പോർട്‌സ് കേരള ഫൗണ്ടേഷൻ മുഖേനയാണ്  പൂർത്തീകരിച്ചത്. തുടർന്ന്  ഫുട്ബോൾ മത്സരവും ടർഫിൽ നടന്നു.

ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. കെ.കെ രത്നകുമാരി, ജില്ലാ പഞ്ചായത്ത്‌ അംഗം പി.പി ദിവ്യ, കല്ല്യാശ്ശേരി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ പി.പി ഷാജിർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ടി.ടി ബാലകൃഷ്ണൻ, പഞ്ചായത്തംഗം പി സ്വപ്നകുമാരി, കിയാൽ ഡയറക്ടർ ഹസ്സൻ കുഞ്ഞി, കല്ല്യാശ്ശേരി കെ.പി ആർ സ്മാരക ജി എച്ച് എച്ച് സ്കൂൾ പ്രിൻസിപ്പൽ കെ.കെ ചിത്രലേഖ, വി എച്ച് എസ് സി വിഭാഗം പ്രിൻസിപ്പൽ എം മഞ്ജുള, സ്കൂൾ പ്രധാനാധ്യാപകൻ കെ.വി വിനോദ് കുമാർ, സംഘാടക സമിതി ചെയർമാൻ വി.സി പ്രേമരാജൻ, പി ടി എ പ്രസിഡന്റ്‌ എൻ സതീശൻ എന്നിവർ സംസാരിച്ചു.

facebook twitter