മട്ടന്നൂർ : വർത്തമാന കാലത്ത് മാധ്യമ പ്രവർത്തനം വൻകിട ബിസിനസായി മാറിയെന്ന് സിപി എം സംസ്ഥാന സെക്രട്ടറിയറ്റംഗവും ദേശാഭിമാനി റസിഡന്റ് എഡിറ്ററുമായ എം സ്വരാജ്. മട്ടന്നൂരിൽ ‘മാധ്യമങ്ങളുടെ രാഷ്ട്രീയം’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മഹത്തായ ലക്ഷ്യങ്ങളെ മുൻനിർത്തിയും മൂല്യങ്ങളെ ഉയർത്തിപ്പിടിച്ചും നടത്തിവന്ന മാധ്യമ പ്രവർത്തനം വലിയ മൂലധനനിക്ഷേപത്തിന്റെ ഭാഗമായുള്ള വ്യവസായമായതോടെ അസ്തമിച്ചു.
ഇപ്പോൾ മാധ്യമ രംഗത്ത് വൻതോതിലുള്ള കുത്തക വൽക്കരണമാണ് നടക്കുന്നത്. ഇതിന്റെ ഫലമായി ഇന്ത്യയിലെ ഏറ്റവും വലിയ കുത്തകകൾ മാധ്യമ പ്രവർത്തന രംഗത്തേക്ക് കടന്നുവരികയും അവരുടെ വൻകിട വ്യവസായ സംരംഭത്തിന്റെ ഭാഗമായി മാധ്യമ പ്രവർത്തനത്തെ രൂപപ്പെടുത്തിയെടുക്കുകയും ചെയ്തു. ഭരണകൂടവുമായി ചേർന്ന് കോർപറേറ്റുകൾ രാജ്യഭരണംതന്നെ നിയന്ത്രിക്കുന്നതിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുകയാണ്. രാജ്യം ഭരിക്കുന്നത് എൻഡിഎയല്ല;
മറിച്ച് സർക്കാരിനൊപ്പം ചേർന്ന് കോർപ്പറേറ്റുകൾ കൂടിയാണ്. രാജ്യത്തിന്റെ നയങ്ങൾ ആവിഷ്കരിക്കുന്നതിൽ കോർപ്പറേറ്റുകൾക്കും സുപ്രധാന പങ്കാണുള്ളത്. സാധാരണക്കാരായ ജനങ്ങളുടെ ശബ്ദം മാധ്യമങ്ങളിലൂടെ കേട്ടുവരുന്നകാലം ഏറെക്കുറെ അസ്തമിച്ചുവരികയാണെന്നും എം സ്വരാജ് പറഞ്ഞു. ജില്ലാ സെക്രട്ടറിയറ്റംഗം പി പുരുഷോത്തമൻ അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗങ്ങളായ സി വി ശശീന്ദ്രൻ, എൻ വി ചന്ദ്രബാബു, സിപിഐ എം മുതിർന്ന നേതാവ് ടി കൃഷ്ണൻ, ഏരിയാ കമ്മിറ്റിയംഗങ്ങളായ കെ ഭാസ്കരൻ, എൻ ഷാജിത്ത്, എം രാജൻ എന്നിവർ പങ്കെടുത്തു. എരിയാ സെക്രട്ടറി എം രതീഷ് സ്വാഗതം പറഞ്ഞു.