മയ്യിൽ 'ആർപ്പോ വിളികൾക്കിടയിൽ പാടിച്ചോൻ അച്ചാംതുരിത്തിൻ്റെ പേർ ഉച്ചഭാഷിണിയിൽ മുഴങ്ങിയപ്പോൾ വള്ളുവൻകടവ് ദേശം കരഘോഷത്തിലമർന്നു. ദേശത്തിന്റെ ആവേശമായ ഉത്തരമേഖലാ വള്ളുവൻകടവ് വള്ളംകളി മൽസരത്തിലെ 15 പേർ തുഴയുന്ന പുരുഷൻമാരുടെയും വനിതകളുടെയും ചുരുളൻ വള്ളംകളി മൽസരത്തിലാണ് പാടിച്ചോന് ജലരാജൻ പട്ടം ലഭിച്ചത്.
പുരുഷൻമാരുടെ മൂന്നാം പാദ മൽസരത്തിൽ ആറ് ടീമുകളാണുണ്ടായിരുന്നത്. ന്യൂ ബ്രദേഴ്സ് മയ്യിച്ചക്ക് രണ്ടും എ.കെ.ജി. മയ്യിച്ചക്ക് മൂന്നും സ്ഥാനവും ലഭിച്ചു. ന്യൂ ബ്രദേഴ്സ് മയ്യിച്ച, ഫൈറ്റിങ്ങ് സ്റ്റാർ കുറ്റിവയൽ, കൃഷ്ണപ്പിള്ള കാവുംചിറ, ഇ.എം.എസ്. മുഴക്കീൽ എന്നീ ടീമുകളാണ് മൽസര രംഗത്തുണ്ടായിരുന്നത്. വനിതകളുടെ ഒന്നാം പാദ മൽസരത്തിൽ രണ്ടാം സ്ഥാനം വയൽക്കര വെങ്ങോട്ടും മൂന്നാം സ്ഥാനം വയൽക്കര മയ്യിച്ചയും പങ്കിട്ടു.
25 പേർ തുഴയെറിഞ്ഞ പുരുഷൻമാരുടെ ഫൈനൽ മൽസരത്തിൽ വയൽക്കര വേങ്ങോട്ടിന് ഒന്നാം സ്ഥാനം ലഭിച്ചു.പാലിച്ചോൻ അച്ചാംതുരുത്തിന് രണ്ടും ന്യൂ ബ്രദേഴ്സിന് മുന്നും സ്ഥാനം ലഭിച്ചു. അപൂർവമായി നടക്കുന്ന ജലോൽസവത്തിന് സാക്ഷിയാകാൻ വള്ളുവൻകടവിലെ ഓളപരപ്പിനരികെയെത്തിയത്
ആയിരങ്ങളായിരുന്നു.കണ്ണാടിപ്പറമ്പ് വള്ളുവൻകടവ് മുത്തപ്പൻ ക്ഷേത്രത്തിന് സമീപത്ത് രാവിലെ മുതൽ അയൽ ജില്ലകളിൽ നിന്നുൾപ്പെടെയാണ് ആളുകളൊഴുകിയെത്തിയത്. വിശാലമായ പുഴക്കരയിൽ പ്രത്യേക തയ്യാറാക്കിയ വേദിയിൽ കെ.വി. സുമേഷ് എം.എൽ.എ. പരിപാടി ഉദ്ഘാടനം ചെയ്തു.
നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ. രമേശൻ അധ്യക്ഷത വഹിച്ചു. സിനിമാ സീരിയൽ നടി സൗപർണിക സുഭാഷ്, ഡി.എസ്.സി. കമാണ്ടന്റ് കേണൽ പരംവീർ നാഗ്ര എന്നിവർ ചേർന്ന് വള്ളം കളി ഫ്ലാഗ് ഓഫ് ചെയ്തു. സ്വാഗത സംഘം ചെയർമാൻ രാജൻ അഴീക്കോടൻ, പി.ശ്രുതി, കെ.അച്യുതൻ,കെ.വി. മുരളിമോഹൻ എന്നിവർ സംസാരിച്ചു. മുന്നുവിഭാഗങ്ങളിലുമുള്ള ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് വള്ളുവൻകടവ് മുത്തപ്പൻ ക്ഷേത്രം ക്യാഷ്പ്രൈസും ട്രോഫിയും സമ്മാനിച്ചു. സമാപന സമ്മേളനം കെ സുധാകരൻ എം.പി ഉദ്ഘാടനം ചെയ്തു. രാജൻ അഴീക്കോട് അദ്ധ്യക്ഷനായി. സി. കെ. പത്മനാഭൻ മുഖ്യാതിഥിയായി.