തളിപ്പറമ്പ് നഗരസഭയിൽ നഗര സൗന്ദര്യ വൽക്കരണവുമായി ബന്ധപെട്ട് നടക്കുന്നത് പകൽക്കൊള്ളയാണെന്ന് ഡി.വൈ.എഫ്. ഐ തളിപ്പറമ്പ് ബ്ലോക്ക് കമ്മറ്റി. നടന്നു വരുന്ന പ്രവൃത്തികൾ നിർത്തിവച്ച് നടപടികൾ സുതാര്യമായി പുനരാരംഭിക്കാൻ തയ്യാറായില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ഭാരവാഹികൾ പറഞ്ഞു.
തളിപ്പറമ്പ് നഗരസഭയിൽ നഗരസൗന്ദര്യവൽക്കരണവുമായി ബന്ധപ്പെട്ട് പ്രവർത്തികൾ നടന്നുവരികയാണ്. തെരുവു വിളക്കുകളുടെ നവീകരണവും പുതിയവ സ്ഥാപിക്കുകയും പ്രധാന തെരുവോരങ്ങളിൽ ഹാൻഡ് റെയിലുകൾ സ്ഥാപിക്കുക തുടങ്ങിയവയാണ് നടക്കുന്നത്. ഇതോടൊപ്പം ന്യൂസ് കോർണർ ജംങ്ഷനിൽ രജിസ്ട്രാർ ഓഫിസിൻ്റെ മതിലിനോട് ചേർന്ന് ബങ്കുകളുടെ നിർമ്മാണവും നടക്കുന്നുണ്ട്.
ഇവിടെ നിരവധി വർഷമായി പ്രവർത്തിച്ചു വരുന്ന ചെരിപ്പ്, കുട റിപ്പയർ, പൂവിൽപ്പന എന്നിവയ്ക്കാണ് ബങ്ക് നിർമിക്കുന്നത്. ഇതിനോടൊപ്പം ഡിജിറ്റൽ പരസ്യ ബോർഡും സ്ഥാപിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട ഉപകരണങ്ങൾ സ്ഥാപിക്കുന്നതിന് വേണ്ടിയെന്ന നിലയിൽ രണ്ട് സ്റ്റാളുകൾ പരസ്യ കമ്പനിക്ക് നൽകിയിരിക്കുകയാണ്.
എന്നാൽ ഈ സ്റ്റാളുകൾ ഫ്രൂട്സ് കച്ചവടം നടത്തുന്നതിന് വലിയ വാടകയ്ക്ക് നൽകി വരുമാനമുണ്ടാക്കാനാണ് കമ്പനി ശ്രമിക്കുന്നത്. ഈ കമ്പനി തന്നെയാണ് കഴിഞ്ഞ എട്ട് വർഷമായി സൗന്ദര്യവൽക്കരണവുമായി ബന്ധപ്പെട്ട പ്രവൃത്തികൾ നടത്തുന്നത്. ഇത്തവണയും യാതൊരു മാനദണ്ഡവും പാലിക്കാതെയാണ് കരാർ പുതുക്കി നൽകിയത്. ദേശീയപാതയുടെയും പൊതുമരാമത്ത് വകുപ്പിൻ്റെയോ അനുമതിയില്ലാതെ പരസ്യ ബോർഡുകൾ സ്ഥാപിച്ച് വരുമാനമുണ്ടാക്കുകയാണ്.

ഇതിൽ നിന്ന് നഗരസഭയ്ക്ക് വരുമാനമൊന്നും ലഭിക്കുന്നുമില്ല. സൗന്ദര്യ വൽക്കരണ പ്രവർത്തികൾ ആഗസ്ത് 31 ന് പൂർത്തിയാക്കണമെന്ന് കരാറുണ്ടെങ്കിലും ഒക്ടോബർ 31 ആയിട്ടും പ്രവൃത്തി തുടരുകയാണ്. വിജിലൻസ് ഉൾപ്പെടെ അന്വേഷണം നടത്തുമ്പോഴും നഗര ഭരണാധികാരികൾക്ക് യാതൊരു കൂസലുമില്ല. അഴിമതിയുടെ പശ്ചാത്തലത്തിൽ പ്രവൃത്തികൾ നിർത്തിവയ്ക്കണമെന്നാണ് ഡി.വൈ.എഫ്.ഐ തളിപ്പറമ്പ് ബ്ലോക്ക് കമ്മറ്റി ആവശ്യപ്പെടുന്നത്.
ഇതുമായി ബന്ധപ്പെട്ട് ഉയരുന്ന സംശയങ്ങൾ ദൂരീകരിച്ച്, കരാർ മാനദണ്ഡങ്ങൾ വ്യക്തമാക്കിയതിനു ശേഷം മാത്രമേ നഗരസൗന്ദര്യ പ്രവൃത്തികൾ നടത്താൻ തുടരാവൂ എന്നും ഇതിന് തയ്യാറായില്ലെങ്കിൽ പ്രവൃത്തി തടയുന്നതുൾപ്പെടെ ശക്തമായ സമരവുമായി രംഗത്തിറങ്ങാനാണ് തീരുമാനമെന്നും നഗരസഭാ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി.പി മുഹമ്മദ് നിസാറിനെയും മുനിസിപ്പൽ സെക്രട്ടറിയെയും നേരിൽ കണ്ട് കാര്യങ്ങൾ സംസാരിച്ചതായും ഡി.വൈ.എഫ്.ഐ നേതാവ് ഷിബിൻ കാനായി പറഞ്ഞു.
എം. രജിത്ത്, അക്ഷയ് പത്മനാഭൻ, ടി.പി ആദർശ് എന്നിവരുമുണ്ടായിരുന്നു.