കോയിപ്ര-താളിച്ചാൽ-തെന്നം റോഡും പാലവും നാടിന് സമർപ്പിച്ചു

10:30 AM Nov 01, 2025 | AVANI MV

പയ്യന്നൂർ :സാമൂഹിക ജീവിതം മെച്ചപ്പെടുത്താൻ സർക്കാർ പ്രതിജ്ഞാബദ്ധം : മന്ത്രി കെ. എൻ. ബാലഗോപാൽ .ജനങ്ങളുടെ പ്രശ്നങ്ങളെ നേരിടുകയും സാമൂഹിക ജീവിതത്തെ കൂടുതൽ മെച്ചപ്പെടുത്തുകയും ചെയ്യുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമെന്ന് ധനവകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. കോയിപ്ര-താളിച്ചാൽ-തെന്നം റോഡ്, മാവുള്ളപൊയിൽ പാലം എന്നിവ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ഉൾപ്രദേശങ്ങളെയും വികസനത്തിൽ ചേർത്തു നിർത്തുക എന്ന സർക്കാർ നയത്തിന്റെ ഭാഗമാണ് തെന്നം പോലെയുള്ള ഗ്രാമീണ മേഖലകളിലും റോഡുകളും പാലങ്ങളും നിർമ്മിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാർ സാധാരണക്കാർക്കുവേണ്ടി പ്രവർത്തിക്കുകയും ഭരണസംവിധാനത്തെ ചലിപ്പിക്കുകയുമാണ് ചെയ്യുന്നത്. ക്ഷേമ പെൻഷനുകളും വീട്ടമ്മമാർക്ക് 1000 രൂപയുടെ ധനസഹായവും ഉൾപ്പെടെയുള്ള പദ്ധതികൾ സർക്കാരിന്റെ ഉത്തരവാദിത്വമാണ്. ചെയ്യാൻ പറ്റുന്നവ പറയുകയും പറയുന്നവ നടപ്പിലാക്കുകയും ചെയ്യുന്ന സർക്കാരാണ് സംസ്ഥാനം ഭരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. തെന്നം ജംഗ്ഷനിൽ നടന്ന പരിപാടിയിൽ ടി ഐ മധുസൂദനൻ എം എൽ എ അധ്യക്ഷനായി.

പി.എം.ജി.എസ്.വൈ പദ്ധതിയിൽ ഉൾപ്പെടുത്തി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ നടപ്പിലാക്കിയ പദ്ധതിയിൽ  3.385 കിലോമീറ്റർ റോഡും 20 മീറ്റർ നീളമുള്ള പാലവുമാണ് നിർമ്മിച്ചത്. എട്ട് മീറ്റർ വീതിയുള്ള റോഡിന്  ആവശ്യമായ ഡ്രെയിനേജ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.റോഡ് നിർമ്മാണത്തിനും അറ്റകുറ്റപ്പണികൾക്കുമായി മൊത്തം 3.0388 കോടി രൂപയും പാലം നിർമ്മാണത്തിന് രണ്ടര കോടി രൂപയും അനുവദിച്ചു.പി എം ജി എസ് വൈ പിഐയു എക്സിക്യൂട്ടീവ് എഞ്ചിനീയർ പി കെ രഞ്ജിത്ത് റിപ്പോർട്ട് അവതരിപ്പിച്ചു.   എരമം-കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി ആർ രാമചന്ദ്രൻ,  വൈസ് പ്രസിഡൻ്റ് ഷൈനി ബിജേഷ്, ജില്ലാ പഞ്ചായത്ത് അംഗം തമ്പാൻ മാസ്റ്റർ, പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ കെ ആർ ചന്ദ്രകാന്ത്, ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ടി കെ രാജൻ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സുഷമ വത്സൻ, അന്നക്കുട്ടി ബെന്നി, എം രാധാകൃഷ്ണൻ മാസ്റ്റർ, സംഘാടക സമിതി ചെയർമാൻ എ പി സത്താർ, സംഘാടക സമിതി കൺവീനർ കെ ബാബു, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.