പൊതുവിദ്യാലയങ്ങളെ അപമാനിക്കുന്ന തരത്തിലുള്ള കണ്ണൂർ മേയറുടെ പരാമർശം അനുചിതമെന്ന് മുദ്രാ വിദ്യാഭ്യാസ സമിതി

01:53 PM Nov 08, 2025 | AVANI MV

കണ്ണൂർ : പൊതുവിദ്യാലയങ്ങളെ അപമാനിക്കുന്ന തരത്തിലുള്ള കണ്ണൂർ മേയറുടെ പരാമർശം അനുചിതമെന്ന് മുണ്ടേരി ഗവ. ഹയർ സെക്കൻഡറി മുദ്രാ വിദ്യാഭ്യാസ സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നവംബർ ഏഴിന് കണ്ണൂർ നഗരസഭ മേയർ മുസ്ലിഹ് മഠത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ നടത്തിയ ചില പരാമർശങ്ങൾ പൊതുവിദ്യാലയങ്ങളെയും മുണ്ടേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിനെയും അപമാനിക്കുന്ന തരത്തിലായിരുന്നു. കണ്ണൂർ നഗരസഭയിൽ ഉയർന്നുവന്ന അഴിമതിയാരോപണങ്ങളെ വിശദീകരിക്കുന്ന വേളയിൽ കേരളത്തിലെ പൊതുവിദ്യാഭ്യാസ വ്യവസ്ഥയെ ഇകഴ്ത്തി കാണിക്കുന്നതത്തിലുള്ള പ്രസ്താവന നടത്തിയത് അതീവ ദൗർഭാഗ്യകരമാണ്. 

മുണ്ടേരി ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന മുദ്രാ വിദ്യാഭ്യാസ സമിതി കേരള ഗവൺമെൻ്റിൻ്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായാണ് രൂപം കൊണ്ടത്. ഈ സമിതിയുടെ പ്രവർത്തനങ്ങൾ മുഴുവൻ സുതാര്യമായും പൊതു സമൂഹത്തിൻ്റെ മുൻപിലാണ് നടത്തുന്നത്. വാർഷിക പൊതുയോഗങ്ങളിലും അർദ്ധവാർഷികയോഗങ്ങളിലും റിപ്പോർട്ടും വരവുചെലവു കണക്കുകയും അവതരിപ്പിക്കുന്നു. പൊതു സമൂഹത്തിന് എല്ലാ രേഖകളും ലഭ്യമായതിനാൽ ആരോപണം ഉന്നയിച്ച കണ്ണൂർ കോർപറേഷൻ മേയർക്ക് ഇതു സ്കൂളിലെത്തി പരിശോധിക്കാമെന്ന് മുദ്ര വിദ്യാഭ്യാസ സമിതി ജനറൽ കൺവീനർ പി.പി. ബാബു പറഞ്ഞു. സി.എസ്.ആർ ഫണ്ടു ഉപയോഗിച്ചുള്ള കെട്ടിട നിർമ്മാണം ഊരാളുങ്കൽ സൊസൈറ്റിയും നിർമ്മിതി കേന്ദ്രവുമാണ് നടത്തിയത്. 

കണ്ണൂർ ജില്ലാ പഞ്ചായത്ത് മുഖേനയാണ് ഫണ്ടു കൈകാര്യം ചെയ്തത്. കെ. കെ.രാഗേഷ് ചെയർമാനെന്ന നിലയിൽ മാത്രമുള്ള പങ്കു മാത്രമേയുള്ളു. ചെക്കി ലോ മറ്റു രേഖകളിലോ എം.പിയെന്ന നിലയിലോ അല്ലാത്തപ്പോഴെ കെ കെ രാഗേഷ് ഒപ്പിട്ടിട്ടില്ല. പദ്ധതിയുടെ മേൽനോട്ടം മാത്രമേ രാഗേഷ് വഹിച്ചിരുന്നുള്ളു. പാവപ്പെട്ട കുട്ടികൾക്ക് പഠിക്കാൻ അന്താരാഷ്ട്ര നിലവാരത്തിൽ ജനകീയ പങ്കാളിത്തത്തോടെ നടപ്പിലാക്കിയ മുദ്രാപദ്ധതിക്കെതിരെ കണ്ണൂർ കോർപറേഷൻ മേയറെപ്പോലുള്ള വിദ്യാഭ്യാസ പ്രവർത്തകൻ ആരോപണം ഉന്നയിച്ചത് ഖേദകരമാണെന്ന് പി.പി ബാബു പറഞ്ഞു. വാർത്താ സമ്മേളനത്തിൽ സ്കൂൾ പ്രിൻസിപ്പാൾ എം. മനോജ് കുമാർ, ഹൈസ്കൂൾ സീനിയർ അസി.കെ. വേണു, പി.ടി.എ പ്രസിഡൻ്റ് പി.സി ആസിഫ്, മദർ പി.ടി.എ പ്രസിഡൻ്റ് സി.കെ.രമ്യ എന്നിവരും പങ്കെടുത്തു.