കാഞ്ഞങ്ങാട് നിർത്തിയിട്ട കാറും പണവും കടത്തികൊണ്ടുപോയ കേസിലെ പ്രതിയും സംഘവും അറസ്റ്റിൽ

02:30 PM Dec 05, 2025 | AVANI MV

 
കാഞ്ഞങ്ങാട് : നിർത്തിയിട്ട കാറും രേഖകളും പണവും അടങ്ങിയ പേഴ്സും മോഷ്ടിച്ചു കാർ പൊളിച്ചു വിൽക്കാൻ തമിഴ് നാട്ടിലേക്ക് കടത്തിയ മൂന്നംഗ സംഘം പിടിയിൽ. മേൽ പറമ്പകളനാട് കെ.ജി എൻ ക്വാട്ടേർസിലെ റംസാൻ സുൽത്താൻ ബഷീർ (25), തളങ്കര തെരുവത്ത് ഖലീൽ മൻസിലിലെ ടി.എച്ച് ഹംനാസ് (24), പാലക്കാട് മണ്ണാർക്കാട് പുഞ്ചക്കോട് സ്വദേശി പി.കെ. അസറുദ്ദീൻ (36) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി വിജയ് ഭരത് റെഡ്ഡി ഐ പി എസിന്റെ മേൽനോട്ടത്തിൽ വിദ്യാ നഗർ സ്റ്റേഷൻ ഇൻസ്പെക്ടർ കെ പി ഷൈൻ, ജൂനിയർ എസ്.ഐ. കെ പി സഫ്വാൻ, എസ്.ഐ. കെ.വി.സുരേഷ് കുമാർ ,എ എസ് ഐ മാരായ ഷീബ, പ്രദീപ് കുമാർ , നാരായണൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ ടി. ഹരീഷ്, സിവിൽ പോലീസ് ഓഫീസർമാരായ പ്രമോദ്, ഷീന, രേഷ്മ, ഉണ്ണികൃഷ്ണൻ ,ഉഷസ് എന്നിവരടങ്ങിയ സംഘം പിടികൂടിയത്. ‌

ഈ മാസം ഒന്നാം തീയതിയാണ് സംഭവം. മധൂർ ഇസത്ത് നഗറിൽ താമസിക്കുന്ന മുസ്തഫ മൻസിലിൽ മുഹമ്മദ് മുസ്തഫ ഉപയോഗിക്കുന്ന ബിസിനസ് പാർട്ണറായ മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള കെ.എ.70 എം. 7187 നമ്പർ ടയോട്ട ഗ്ലൻസാ കാറും ,കാറിൽ സൂക്ഷിച്ച 32000 രൂപയും ക്രെഡിറ്റ് കാർഡ്, ഡെബ്റ്റ് കാർഡ്, പാൻ കാർഡ്, ആധാർ, ഡ്രൈവിംഗ് ലൈസൻസ് , വോട്ടർ ഐഡി, വിവിധ ബേങ്കുകളുടെ ചെക്കുബുക്കും കുടുംബാംഗങ്ങളുടെ എസ്.ഐ.ആർ. ഫോറം, വാഹനത്തിന്റെ ഒറിജിനൽ രേഖകൾ, സേവീസ് ബുക്ക് എന്നിവയാണ് പ്രതികൾ മോഷ്ടിച്ചു കൊണ്ടുപോയത്. തുടർന്ന് പോലീസിൽ പരാതി നൽകി. 

കേസെടുത്ത പോലീസ് അന്വേഷണത്തിലാണ് തമിഴ് നാട് മേട്ടുപാളയത്തിൽ വെച്ച് പ്രതികൾ പിടിയിലായത്. മോഷ്ടിച്ച കാർ പൊളിച്ചു വിൽക്കാനാൻ തമിഴ് നാട്ടിലെത്തിച്ചതായിരുന്നു. കാർ കണ്ടെത്തിയ പോലീസ് 1, 40,000 രൂപ പ്രതികളിൽ നിന്നും പിടിച്ചെടുത്തു. ഒന്നാം പ്രതിക്ക് പരിയാരം, മേൽ പറമ്പ്, കുമ്പള സ്റ്റേഷനുകളിൽ കേസുണ്ട്. കാറിന്റെ ഒറിജിനൽ നമ്പർ മേൽ പറമ്പ്പെരുമ്പളയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. അറസ്റ്റു ചെയ്തു കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.