കണ്ണൂരിൽ മന്ത്രി മുഹമ്മദ് റിയാസിൻ്റെ പേരിൽ സാമ്പത്തിക തട്ടിപ്പിന് ശ്രമിച്ച പറശിനിക്കടവ് സ്വദേശി അറസ്റ്റിൽ

11:06 AM Dec 06, 2025 |



കണ്ണൂർ : കണ്ണൂർ നഗരത്തിലെ സ്ഥാപനത്തിൽ നിന്നും പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിൻ്റെ പേരിൽ സാമ്പത്തിക തട്ടിപ്പിന് ശ്രമിച്ച പറശിനിക്കടവ് സ്വദേശി അറസ്റ്റിൽ .പറശിനിക്കടവ് കുഴിച്ചാൽ സ്വദേശി ബോബി എം സെബാസ്റ്റ്യനെന്നയാളാണ് അറസ്റ്റിലായത്. മന്ത്രിയുടെ പേഴ്സനൽ സ്റ്റാഫെന്ന പേരിൽ ഒരു രോഗിയുടെ അക്കൗണ്ട് നമ്പർ ചേർത്തുള്ള വ്യാജ രസീതുമായാണ് ഇയാൾ പണപിരിവിനായി മന്ത്രിയുടെ പേര് പറഞ്ഞ് വിവിധ ബിസിനസ് സ്ഥാപനങ്ങളെ സമീപിച്ചത്.

 ഇതേ ആവശ്യത്തിന് കണ്ണൂർ നഗരത്തിലെ സ്കൈ പാലസ് ഉടമയെ ബന്ധപ്പെടുകയും മന്ത്രിയുടെ പേര് പറഞ്ഞ് താൻ പേഴ്സനൽ സ്റ്റാഫ് അംഗമാണെന്ന് പറഞ്ഞ് ഒരു രോഗിയുടെ ചികിത്സാ സഹായമായി കാൽ ലക്ഷം രൂപ നൽകാൻ ആവശ്യപ്പെടുകയായിരുന്നു. ഉടമയുടെ നിർദ്ദേശപ്രകാരം മാനേജർ പണം കൈമാറാൻ ഒരുങ്ങുന്നതിനിടെ അക്കൗണ്ട് നമ്പറിൽ സംശയം തോന്നി കണ്ണൂർ ടൗൺ പൊലി സിൽവിവരമറിയിക്കുകയായിരുന്നു. ഇതേ തുടർന്നാണ് പൊലിസ് അന്വേഷണമാരംഭിച്ചത്.

 പ്രതിയുടെ മൊബൈൽ ടവർ ലൊക്കേഷൻ വ്യക്തമായ തിനെ തുടർന്ന് ധർമ്മശാലയിൽ നിന്നാണ് സി.ഐ ബിനുമോഹനും സംഘവും ഇയാളെ പിടികൂടിയത്. കൈയ്യിലുള്ള വ്യാജരസീത് ബുക്ക് പരിശോധിച്ചപ്പോൾ ഇതിന് സമാനമായി ഇയാൾ മറ്റു സ്ഥാപനങ്ങളിൽ നിന്നും പണം തട്ടിയെടുത്തതായി സംശയിക്കുന്നതായി പൊലിസ് പറഞ്ഞു. വ്യാജ രസീത് അടിച്ചതിനും അനധികൃത പണപ്പിരിവ് നടത്തിയതിനുമാണ് പൊലിസ് പ്രതിക്കെതിരെ കേസെടുത്ത് അറസ്റ്റുചെയ്തത്.